ജമ്മു കശ്മീർ സിപിഐ സംസ്ഥാന സെക്രട്ടറി ഗുലാം മുഹമ്മദ് ഷെയ്ഖിനും അസിസ്റ്റന്റ് സെക്രട്ടറി ഗുൽസാർ ഭട്ടിനും തീവ്രാദികൾ, വിഘടനവാദികൾ, ജനാധിപത്യ വിരുദ്ധരിൽ നിന്നും നേരിടുന്ന കടുത്ത ഭീഷണികളെ പരിഗണിച്ച് കേന്ദ്ര സർക്കാർ സുരക്ഷ ഏർപ്പെടുത്തണമെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം. സംസ്ഥാന സെക്രട്ടറി ഗുലാം മുഹമ്മദിന്റെ രണ്ട് സഹോദരങ്ങളെ 1990കളുടെ മധ്യേ തീവ്രാദികൾ കൊലപ്പെടുത്തിയിരുന്നു. അസിസ്റ്റന്റ് സെക്രട്ടറി ഗുൽസാർ ഭട്ട് അറിയപ്പെടുന്ന എഴുത്തുകാരനും മാധ്യമപ്രവർത്തകനും കൂടിയാണ്. ഔട്ട്‌ലുക്ക്, ഡെക്കാൻ ഹെറാൾഡ്, ദി വയര്‍ തുടങ്ങി അനേകം പ്രമുഖ മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതിയിട്ടുള്ള ഗുൽസാർ ഭട്ടിന് ദി കശ്മീർ ഫൈറ്റ് എന്ന കുപ്രസിദ്ധ വിഘടനവാദി ബ്ലോഗിൽ നിന്നും വിവിധ കോണുകളിൽ നിന്നും വധഭീഷണികൾ വന്നിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കശ്മീർ താഴ്വാരത്തിന് കിഴക്കായുള്ള ഷോപ്പിയാൻ ജില്ലയിലാണ് ഗുലാം മുഹമ്മദ് ഷെയ്ഖും ഗുൽസാർ ഭട്ടും താമസിക്കുന്നത്. നിലവിൽ സർക്കാർ സുരക്ഷയുടെ അഭാവം മൂലം ജനാധിപത്യ സംരക്ഷണത്തിനായി പോരാടുന്ന സിപിഐ പ്രവർത്തകർ നിരന്തരം ആക്രമണങ്ങൾക്കും ഭീഷണികൾക്കും വിധേയരാകുകയാണ്. നിലവിൽ മറ്റ് രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾക്ക് കേന്ദ്ര സർക്കാർ നിർദേശപ്രകാരമുള്ള സുരക്ഷ ലഭിക്കുന്നുണ്ടെങ്കിലും സിപിഐ നേതൃത്വത്തിന് ഇത് ലഭ്യമായിട്ടില്ല. ഇരുവർക്കും സുരക്ഷാ സജ്ജീകരണങ്ങളോടെ ശ്രീനഗറിൽ താമസം ഉറപ്പാക്കണമെന്നും ബിനോയ് വിശ്വം കത്തിൽ ആവശ്യപ്പെട്ടു.
English Summary:Central government should provide security to Ghulam Mohammad Shaikh, Gulzar Bhatt: Binoy Viswam
You may also like this video