Site icon Janayugom Online

മുല്ലപ്പെരിയാര്‍ ദേശീയ സമിതിക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍

മുല്ലപ്പെരിയാര്‍ വിഷയം ദേശീയ അണക്കെട്ട് സുരക്ഷാ സമിതിക്ക് വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ അണക്കെട്ട് സുരക്ഷാ നിയമം 2021 പ്രകാരം രൂപീകരിച്ച സമിതിയുടെ വിശദാംശങ്ങള്‍ സുപ്രീം കോടതി ആരാഞ്ഞു. കേസില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടായതോടെ കേസ് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട സകല വിഷയങ്ങളും ദേശീയ അണക്കെട്ട് സുരക്ഷാ സമിതിക്ക് വിടണമെന്നാണ് കേന്ദ്രം നിലപാട് സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് സമിതിയുടെ വിശദാംശങ്ങള്‍ ചൊവ്വാഴ്ചയോടെ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, എ എസ് ഓക, സി ടി രവി കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശം നല്‍കുകയായിരുന്നു.

126 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷാ വിഷയങ്ങള്‍ കേരളം ഉന്നയിക്കുമ്പോള്‍ അണക്കെട്ട് സുരക്ഷിതമെന്ന മറുവാദമാണ് തമിഴ്‌നാട് മുന്നോട്ടുവയ്ക്കുന്നത്. കേരളത്തിന്റെ പുതിയ നിയമനിര്‍മ്മാണവും അതോറിറ്റി രൂപീകരണവും തമിഴ്‌നാടിനു വേണ്ടി ഹാജരായ ശേഖര്‍ നാഫ്‌ഡെ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. അണക്കെട്ട് മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്ന കേരളത്തിന്റെ വാദത്തെ തളര്‍ത്താനായിരുന്നു നീക്കം. തുടര്‍ന്നാണ് ഇക്കാര്യങ്ങളില്‍ കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയുടെ അഭിപ്രായം തേടിയത്. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷിയല്ലെന്ന കേരളത്തിന്റെ വാദം അംഗീകരിക്കാന്‍ കോടതി തയാറായില്ല. അണക്കെട്ട് സുരക്ഷാ നിയമത്തിന്റെ ഭാഗമായി രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്തുന്നതിന് അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്.

രാജ്യത്തെ എല്ലാ അണക്കെട്ടുകളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കേണ്ടത് പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അതോറിറ്റിയാണ്. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യം അറിയില്ലെന്ന കേരളത്തിന്റെ വാദത്തിന് തുടര്‍ച്ചയായി എന്തുകൊണ്ടാണ് ഇക്കാര്യം നേരത്തെ കോടതിയെ അറിയിക്കാതിരുന്നതെന്ന് ബെഞ്ച് ആരാഞ്ഞു. 2022 ഫെബ്രുവരി 17ന് ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കിയെന്നായിരുന്നു ഭാട്ടിയുടെ മറുപടി. ഇതിനു ശേഷം അനുബന്ധിയായ കേസുകളൊന്നും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയില്ലെന്നും എഎസ്ജി വ്യക്തമാക്കി. കേരളത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും ജി പ്രകാശും ഹാജരായി.

Eng­lish sum­ma­ry; Cen­tral gov­ern­ment wants Mul­laperi­yar to be hand­ed over to Nation­al Committee

You may also like this video;

Exit mobile version