വിദേശത്തേക്ക് ചരക്കുകൾ കയറ്റി അയയ്ക്കുന്നതിന് ചരക്ക് സേവന നികുതിയിൽ അനുവദിച്ചിരുന്ന ഇളവുകൾ കേന്ദ്രം പിൻവലിച്ചു. ഇത്, സംസ്ഥാനങ്ങൾക്കും കയറ്റുമതി വ്യാപാരികൾക്കും തിരിച്ചടിയായി. കപ്പൽ‑വിമാന മാർഗ്ഗം വിദേശങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന ചരക്കുകൾക്ക് നാല് വർഷമായി ഒക്ടോബർ മദ്ധ്യം വരെ ജിഎസ്ടിയിൽ ഇളവ് നൽകുന്ന രീതിയാണ് പിന്തുടർന്നിരുന്നത്. വിദേശത്തേക്ക് ചരക്ക് അയയ്ക്കുന്നതുമായി ബന്ധപ്പെട്ട സേവനങ്ങളുടെ സ്വഭാവത്തിൽ മാറ്റം വരുത്തുകയും അവ ഇന്റഗ്രേറ്റഡ് ഗുഡ്സ് ആന്റ് സർവീസസ് ആക്ട് (ഐജിഎസ്ടി ) എന്ന സംയോജിത ചരക്ക് സേവന നികുതിയുടെ പരിധിയിലാക്കുകയും ചെയ്തതോടെയാണ്, ഇതുവരെ അനുവദിച്ചു പോന്ന ഇളവുകൾ ഇല്ലാതായത്.
പുതിയ പരിഷ്കാരം വഴി സേവനങ്ങളുടെ മുഴുവൻ നികുതിപ്പണവും കേന്ദ്രത്തിന്റെ കീശയിലാകും. ഈ മാറ്റം സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടത്തിനു കാരണമാകും എന്നതിനോടൊപ്പം കയറ്റുമതി വ്യാപാരികൾക്ക് ഇതുവരെ കിട്ടിയിരുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന്റെ പ്രയോജനവും റീഫണ്ടും നഷ്ടമാവുകയും ചെയ്യും. രാജ്യത്തിനു പുറത്തേക്ക് അയയ്ക്കുന്ന ചരക്കുകളെ സംബന്ധിച്ച് വിതരണത്തിനായി ഉദ്ദേശിക്കുന്ന സ്ഥല (പ്ലേസ് ഓഫ് സപ്ലെ)ത്തിന് സംയോജിത ജിഎസ്ടി നിയമപ്രകാരം നൽകുന്ന നിർവചനം ചരക്ക് എത്തുന്ന സ്ഥലം (പ്ലേസ് ഓഫ് ഡെസ്റ്റിനേഷൻ) എന്നാണ്. പുതുതായി കേന്ദ്രം കൊണ്ടുവന്ന ഈ മാറ്റം അനുസരിച്ച്, ഇതുവരെ ലഭിച്ചു പോന്ന വിതരണ സ്ഥലത്തെ പ്രയോജനം ഇനി മുതല്‍ സംസ്ഥാനങ്ങൾക്ക് ലഭിക്കില്ല. സേവനത്തിന്റെ മുഴുവൻ തുകയും നിയമപ്രകാരം കേന്ദ്രത്തിന് ലഭിക്കുകയും ചെയ്യും. തുക സംസ്ഥാനങ്ങൾക്കു കിട്ടാതെ ഒറ്റയടിക്ക് കേന്ദ്രത്തിന്റെ പോക്കറ്റിലാകുന്നതിനാൽ, കയറ്റുമതിക്കാർക്ക് ലഭിക്കേണ്ട ഐടിസി, റീഫണ്ട് എന്നിവയും ഇല്ലാതാവും.
അതേസമയം, വിദേശ കപ്പലുകളിലൂടെയും വിമാന സർവീസുകളിലൂടെയും ചരക്ക് അയയ്ക്കുന്നവർക്ക് നേരത്തേ അനുവദിച്ചിരുന്ന നികുതിയിളവ് തുടർന്നും ലഭിക്കുമെന്നും അവർക്ക് പുതിയ മാറ്റം ബാധകമല്ലെന്നുമുള്ള വൈചിത്ര്യവുമുണ്ട്. സംയോജിത ചരക്ക് സേവന നിയമത്തിൽ, വിദേശ കമ്പനികളുടെ ഇറക്കുമതി സേവനമായി ഇന്ത്യയിലെ സേവനത്തെ കണക്കാക്കിയിരിക്കുന്നതാണത്രേ ഇതിന് കാരണം. ഈ വിഭാഗം വ്യാപാരികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റും റീഫണ്ടും പ്രശ്നങ്ങളില്ലാതെ കിട്ടുകയും ചെയ്യും. ഈ നയം, കയറ്റുമതിക്ക് ആഭ്യന്തര സൗകര്യങ്ങളെ ആശ്രയിക്കുന്ന വ്യാപാരികളെ മാറി ചിന്തിക്കാൻ ഇടയാക്കുമെന്നാണ് കയറ്റുമതിക്കാർക്കിടയിലെ അഭിപ്രായം.
English Summary: central government withdraws goods and services tax concessions
You may also like this video