Site iconSite icon Janayugom Online

കേന്ദ്രനയം കേരളത്തിന്റെ വിദ്യാഭ്യാസ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കും: കാനം

kanamkanam

കേന്ദ്ര സർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം കേരളത്തിന്റെ വിദ്യാഭ്യാസ സ്വഭാവത്തെ തന്നെ മാറ്റുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എകെഎസ്‍ടിയു രജതജൂബിലി സമ്മേളനത്തോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്പോള സമ്പദ്ഘടനയിൽ വാണിജ്യ വിദ്യാഭ്യാസം എന്ന ആശയം നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. വിദേശ യൂണിവേഴ്സിറ്റികൾക്ക് കടന്നുവരാനും വിദ്യാഭ്യാസത്തെ വാണിജ്യവല്ക്കരിക്കാനുമുള്ള കേന്ദ്ര സർക്കാർ നടപടികളെ അതിശക്തമായി എതിർക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാനുഉള്ള പ്രവർത്തനങ്ങളാണ് എകെഎസ്‍ടിയു നടത്തിവരുന്നതെന്നും കാനം പറഞ്ഞു.

ഇംഗ്ലീഷ് മീഡിയം, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ പഠിച്ചാൽ മാത്രമേ വിദ്യാഭ്യാസമാകൂ എന്ന ചിന്തയായിരുന്നു ഒരു ഘട്ടത്തിലുണ്ടായിരുന്നത്. ആ സമയത്താണ് പൊതുവിദ്യാഭ്യാസ സംരക്ഷണം തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പ്രഖ്യാപിച്ച് എകെഎസ്‍ടിയു രംഗത്തുവന്നത്. മറ്റ് അധ്യാപക സംഘടനകളെ കൂടി കോർത്തിണക്കി ഒരു പൊതുവേദിയൊരുക്കുന്നതിൽ എകെഎസ്‌ടിയു വിജയിച്ചു. ഇച്ഛാശക്തിയുളള സർക്കാരും താല്പര്യമുള്ള സമൂഹവും ഉണ്ടായാൽ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുമെന്നതിന്റെ തെളിവായിരുന്നു അത്. പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റുന്നതിനും പൊതുവിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെടുത്തുന്നതിനും കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സർക്കാർ ചെലവിടുന്നത്. കേന്ദ്രസർക്കാരാകട്ടെ ക്ഷേമരാഷ്ട്രമെന്ന സങ്കല്പം മാറ്റി മറ്റൊരു തരത്തിലാണ് പ്രവർത്തിക്കുന്നത്.

കൺകറന്റ് ലിസ്റ്റിൽപ്പെട്ടതാണ് വിദ്യാഭ്യാസം. പലപ്പോഴും കേന്ദ്ര നിർദേശം അതേപടി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നിർബന്ധിക്കുന്നുണ്ട്. അത്തരം നടപടികളെ വിവേചന ബുദ്ധിയോടെ പരിശോധിച്ച് വേണം കേരളത്തിൽ നടപ്പിലാക്കാൻ. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റംവരുത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇനി മുന്നോട്ട് പോകുമ്പോൾ നിരവധി പ്രശ്നങ്ങളെ നാം അഭിമുഖിക്കേണ്ടി വന്നേക്കാം. അവയോടെല്ലാം സംഘടിത ശക്തികൊണ്ടും സമരശേഷി കൊണ്ടും ചെറുത്തുനിൽക്കേണ്ടതുണ്ട്. ഏത് സംഘടനയായാലും സമൂഹത്തിന് ഏറ്റവും ഗുണകരമായ പ്രവർത്തനം നൽകുകയാണ് അധ്യാപക പ്രസ്ഥാനത്തിന്റെ ചുമതലയെന്നും കാനം പറഞ്ഞു.

സമ്മേളനത്തിൽ എകെഎസ്‌ടിയു സംസ്ഥാന പ്രസിഡന്റ് എൻ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി ദിവാകരൻ, എൻ ടി ശിവരാജൻ, ജയശ്ചന്ദ്രൻ കല്ലിംഗൽ, കെ എസ് സജികുമാർ, എസ് സുധികുമാർ, എസ് നജിമുദീൻ, ടി ഭാരതി, കെ സി സ്നേഹശ്രീ, ഡോ. ഉദയകല, പി കബീർ തുടങ്ങിയവർ സംസാരിച്ചു. എകെഎസ്‍ടിയു ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ സംഘടനാ റിപ്പോർട്ടും ട്രഷറർ കെ എസ് ഭരത് രാജ് വരവ് ചെലവു കണക്കും അവതരിപ്പിച്ചു.

തുടർന്ന് നടന്ന വിദ്യാഭ്യാസ സമ്മേളനം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു. ‘പുരോഗമന അധ്യാപക പ്രസ്ഥാനം ഇന്നലെ, ഇന്ന്’ എന്ന അധ്യാപക പ്രസ്ഥാനത്തിന്റെ ചരിത്രം സന്തോഷ് കുമാർ പ്രകാശനം ചെയ്തു. ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രൊഫ. വി കാർത്തികേയൻ നായർ, മാധ്യമ പ്രവർത്തക ശ്രീദേവി പിള്ള, എൻ ഗോപാലകൃഷ്ണൻ, എം വിനോദ് കുമാർ, കെ കെ സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.

Eng­lish Sum­ma­ry: Cen­tral pol­i­cy will adverse­ly affect the edu­ca­tion­al char­ac­ter of Ker­ala: Kanam

You may like this video also

Exit mobile version