Site iconSite icon Janayugom Online

അസമത്വവും അരാജകത്വവും സൃഷ്ടിക്കുന്ന കേന്ദ്രരാഷ്ട്രീയം

ആഗോള പട്ടിണി സൂചിക പ്രകാരം 86.5 മില്യണ്‍ മനുഷ്യര്‍ ദാരിദ്ര്യത്തില്‍ കഴിയുന്നു. ജനസംഖ്യയുടെ പകുതിയുടെ കൈവശമുള്ള സമ്പത്തിനേക്കാള്‍ കൂടുതലാണ് 10 ശതമാനം അതിധനികരുടെ പക്കലുള്ളത്. ഇത്തരം സാമ്പത്തിക അരാജകത്വവും അസമത്വവും സാമൂഹ്യസുരക്ഷയെ സാരമായിത്തന്നെ ബാധിക്കുന്നു. സാധാരണക്കാരായ മനുഷ്യര്‍ക്കിടയില്‍ ശരിയായ വിദ്യാഭ്യാസവും ചികിത്സയും ലഭിക്കാത്ത വലിയ വിഭാഗത്തെ ഇത് സൃഷ്ടിക്കുന്നുണ്ട്. പൊതുമേഖല ജീര്‍ണിക്കുകയും സ്വകാര്യ മേഖല ശക്തിപ്പെടുകയും ചെയ്യുന്നു. പണം നല്‍കി സേവനം ഉറപ്പാക്കുവാന്‍ കുറച്ചുപേര്‍ക്ക് മാത്രം സാധിക്കുന്ന അവസ്ഥ. പൊതുമേഖലയില്‍ ജനങ്ങള്‍ക്ക് ലഭിച്ചിരുന്ന സൗജന്യസേവനങ്ങള്‍ സ്വകാര്യമേഖലയില്‍ വിലപിടിപ്പുള്ളതായി മാറി. വിദ്യാഭ്യാസത്തിന്റെയും ചികിത്സയുടെയും അപര്യാപ്തത, തൊഴിലില്ലായ്മ, പട്ടിണി, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയെല്ലാം സാമൂഹ്യ സമത്വത്തെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. പട്ടിണി സൂചി­കയുടെ ദയനീയമായ അവസ്ഥ ഇതിന്റെയെല്ലാം തെളിവാണ്. തെക്കനേഷ്യന്‍ രാജ്യങ്ങളെ പിന്നിലാക്കുവാന്‍ മത്സരിക്കുകയാണോ നമ്മളെന്ന് സംശയിക്കാം. സര്‍വതിനെയും അടിച്ചമര്‍ത്തുന്ന ഒരു ഫാസിസ്റ്റ് സര്‍ക്കാര്‍ കാരണം ഇത്തരത്തില്‍ സാമൂഹിക നീതി ലഭിക്കാതെ അസമത്വം ഉണ്ടാകുമ്പോള്‍ സമൂഹത്തില്‍നിന്ന് അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ ഉണ്ടാകും. പക്ഷെ സംഘടിക്കുന്നതിനോ പ്രതികരിക്കുന്നതിനോ ഫാസിസ്റ്റ് ഭരണകൂടം അനുവദിക്കുന്നില്ല. ഇത്തരം സമീപനം ജനാധിപത്യ ഇടങ്ങളെ ശോഷിപ്പിക്കുന്നു. അടിച്ചമര്‍ത്തലുകള്‍ സമൂഹത്തില്‍ കൂടുതല്‍ അരാജകത്വം സൃഷ്ടിക്കും. ഇതൊരു നല്ല സമൂഹത്തെ സൃഷ്ടിക്കലല്ല. മറിച്ച് കൂടുതല്‍ പ്രശ്നങ്ങള്‍കൊണ്ട് അതിജീവനത്തിന് സാധ്യതകളില്ലാത്ത ഇടങ്ങളെ സൃഷ്ടിക്കാം. ഭൂരിഭാഗം മനുഷ്യരും പോഷണക്കുറവ്, പട്ടിണി, സാമൂഹിക സുരക്ഷിതത്വമില്ലായ്മ എന്നിവമൂലം നിരാശ ബാധിച്ചവരായിക്കഴിഞ്ഞു. അവര്‍ക്ക് നല്ല നാളെകള്‍ സ്വപ്നം കാണുവാനാവില്ല. അധികാരക്കസേരയില്‍ ഇരിക്കുന്നവര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയുന്നില്ല. ജാതിയും മതവും പറഞ്ഞും വെറുപ്പിന്റെ രാഷ്ട്രീയം വിളമ്പിയും വിഭജിച്ച് നിര്‍ത്തുക മാത്രമാണ് ആ എതിര്‍പ്പുകളെ മൂടിവയ്ക്കുവാന്‍ ഭരണകൂടം ചെയ്യുന്നത്. എങ്കില്‍ മാത്രമാണ് വലിയ കോര്‍പറേറ്റുകള്‍ക്ക് അവരെ ചൂഷണം ചെയ്യുന്നതിനും ഭരണം നിയന്ത്രിക്കുന്നവര്‍ക്ക് അധികാരം നിലനിര്‍ത്താനും സാധിക്കൂ. ഭരണകൂടത്തിന്റെ ഫാസിസ്റ്റ് അജണ്ടകളില്‍ ഇരയാക്കപ്പെടുകയാണ് മഹാഭൂരിപക്ഷം മനുഷ്യരും. ദളിതര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെ അതിക്രമങ്ങള്‍ കൂടിവരുന്നു. ഭരണഘടനാപരമായ അവകാശങ്ങള്‍ അവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്. എങ്ങനെയാണ് അവര്‍ക്കായി ഒരു നല്ല സമൂഹം സൃഷ്ടിക്കുവാനാവുക. ഏറ്റവും ദുര്‍ബലമായ വിഭാഗങ്ങള്‍ തന്നെയാണ് ഏറ്റവുമധികം കഷ്ടപ്പെടുന്നത്. ജാതീയമായ അസമത്വത്തില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നതും അവരാണ്. ദളിതരുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും ജീവിതനിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി വിനിയോഗിച്ചുകാണുന്നില്ല. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഒരു ഭരണകൂടത്തിനുമുന്നില്‍ പ്രതികരിക്കാന്‍ അവര്‍ ഭയക്കുന്നു. സമൂഹത്തെ ജാതീയമായി ഭിന്നിപ്പിച്ച് നിര്‍ത്തുമ്പോഴാണ് ഭരണകൂടത്തിന് ഇത് സാധ്യമാകുന്നത്. ജാതീയ വേര്‍തിരിവില്‍ ദളിതരാണ് ഏറ്റവുമധികം അതിക്രമം നേരിടേണ്ടിവരുന്നതും. ദളിത് പിന്നാക്ക സമുദായങ്ങള്‍ നിരന്തര സാമ്പത്തിക, സാമൂഹിക വിവേചനത്തിലാണ്. മുന്നാക്ക സവര്‍ണ വിഭാഗങ്ങളാകട്ടെ വിഭവങ്ങളൊക്കെയും പിടിച്ചുവയ്ക്കുകയും ചെയ്യുന്നു. ഇത്തരം വിവേചനങ്ങളോ അതിക്രമങ്ങളോ സാമൂഹിക വിപത്താണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ ജാതിവ്യവസ്ഥയെ വളരാന്‍ അനുവദിക്കരുത്. ജാതിയും ലിംഗവും അടിസ്ഥാനമാക്കിയുള്ള തൊഴില്‍ ചൂഷണങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നത് വിരളമാണ്. സ്ത്രീകളുടെ ജോലി വീട്ടില്‍നിന്ന് പുറത്തേക്ക് വിപുലീകരിക്കുവാന്‍ ശ്രമിക്കുന്നവര്‍ തന്നെ അതിന് യാതൊരു വിലയും കല്പിക്കുന്നുമില്ല. വീട്ടില്‍ പതിവായി ചെയ്യുന്ന പാചകമോ വസ്ത്രം അലക്കുന്നതോ തൊഴിലായി സ്വീകരിക്കുമ്പോള്‍ അതിനെ ആവിധം കാണാന്‍ തയ്യാറാവുന്നില്ലെന്നതാണ് സ്ഥിതി. എന്നാല്‍ അതൊരു തൊഴില്‍ തന്നെയാണ്. വീട്ടില്‍ വര്‍ഷങ്ങളായി പ്രതിഫലമില്ലാതെ വീടുകളില്‍ ആ തൊഴിലുകള്‍ ചെയ്യുന്നു. അത് തൊഴിലായി പുറത്തുപോയി ചെയ്യുമ്പോഴും വേതനം നല്‍കേണ്ടെന്നോ കുറഞ്ഞ കൂലി കൊടുത്താല്‍ മതിയെന്നോ ഉള്ള മനോനില മാറണം.


ഇതുകൂടി വായിക്കാം; റിപ്പബ്ലിക്കിന് വെല്ലുവിളി ഉയര്‍ത്തുന്നത് സംരക്ഷകര്‍


ആശാവര്‍ക്കര്‍, അങ്കണവാടി ജീവനക്കാര്‍, സ്കൂള്‍ പാചകത്തൊഴിലാളികള്‍ തുടങ്ങിയവരെ വോളണ്ടിയര്‍ ആയി കണക്കാക്കുന്നു. അവര്‍ക്ക് തൊഴിലാളി എന്ന പദവി നല്‍കുന്നില്ല. അവര്‍ ചെയ്യുന്ന തൊഴിലിന് ആനുപാതികമായ വേതനം നല്‍കേണ്ടിവരും എന്നതിനാലാണ് അവരെ തൊഴിലാളിയായി അംഗീകരിക്കാന്‍ മടിക്കുന്നത്. മുതലാളിത്തത്തിന്റെ ചൂഷണസ്വഭാവം ഒരു സാമൂഹിക ചിന്താഗതിയെ ഉപയോഗപ്പെടുത്തുന്നത് ഇത്തരത്തിലാണ്. അവര്‍ കൂടുതലും ഇത്തരത്തില്‍ ചൂഷണവിധേയമാക്കുവാന്‍ ശ്രമിക്കുന്നത് സ്ത്രീകളെയും ദുര്‍ബല വിഭാഗങ്ങളെയും ആണ്. സ്ത്രീകള്‍ ദുര്‍ബലരല്ല എന്ന് അവര്‍ ഒരിക്കലും അംഗീകരിക്കുന്നുമില്ല. സമൂഹത്തിലെ ദുര്‍ബലവിഭാഗമായതിനാലാണ് സാമ്പത്തിക ക്രയവിക്രയങ്ങളില്‍ സ്ത്രീകള്‍ക്ക് ചെറിയ പങ്ക് നല്‍കുന്നത് എന്നാണ് ഇപ്പോഴും പറയുന്നത്. പല വീടുകളിലും ആഹാരസാധനങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ചെറിയ കച്ചവടങ്ങള്‍ ചെയ്യാറുണ്ട്. അതിനുള്ള കാര്യങ്ങളെല്ലാം ചെയ്യുന്നത് സ്ത്രീകളാണ്. എന്നാല്‍ അവരെ ആരും തൊഴിലാളികളായി കാണുന്നില്ല. ഇങ്ങനെയുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മുതലാളിത്തത്തിന് യോജിച്ചവയാണ്. പൊതുമേഖലയില്‍ തൊഴില്‍സാധ്യത കുറയുന്നത് ഏറ്റവുമധികം ബാധിക്കുന്നതും സ്ത്രീകളെയും ന്യൂനപക്ഷ സമുദായങ്ങളെയുമാണെന്ന് കാണാനാവും. പൊതുമേഖലയില്‍ നിന്ന് വേതനം ലഭ്യമായാല്‍ അവരുടെ ജീവിതസാഹചര്യം തന്നെ മെച്ചപ്പെടും. അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ട്രേഡ് യൂണിയനുകളും ഒപ്പമുണ്ടാകും. എന്നാല്‍ ഭരണകൂടം സ്വകാര്യവല്‍ക്കരണം പോലുള്ള അജണ്ടകളുമായി മുന്നോട്ടുപോയാല്‍ അത് ദുര്‍ബലജനവിഭാഗങ്ങളെ പ്രതികൂലമായേ ബാധിക്കൂ. അവര്‍ ശക്തമായി പ്രഹരിക്കപ്പെടും. സാമുദായികമായി സംഘടിക്കപ്പെടുമ്പോഴും ചൂഷണം ചെയ്യപ്പെടുവാനുള്ള സാധ്യതകള്‍ കൂടുതലാണ്. ജാതിക്കും മതത്തിനുമപ്പുറം തൊഴിലാളിവര്‍ഗം ഒന്നിച്ചുനില്‍ക്കുമ്പോഴാണ് ഇത്തരം പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ കഴിയുക. വലിയ യുദ്ധത്തിനായി തയ്യാറെടുക്കുമ്പോള്‍ ചെറിയ തുരുത്തുകളായി വിഭജിക്കപ്പെടുന്നത് ആശ്വാസകരമല്ല. നമ്മുടെ കമ്പോളങ്ങള്‍ സ്ത്രീകള്‍ക്ക്, ദളിത് ന്യൂനപക്ഷങ്ങള്‍ക്ക്, ആദിവാസിജനവിഭാഗങ്ങള്‍ക്കൊന്നും സൗഹാര്‍ദപരമല്ല. അതുകൊണ്ടുതന്നെ കമ്പോളാടിസ്ഥാനത്തിലെ സമ്പദ്‌വ്യവസ്ഥ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ജാതിയുടെയോ ലിംഗത്തിന്റെയോ പേരില്‍ യൂണിയനുകളില്‍ വിഭജനങ്ങളുണ്ടായാല്‍ ഇത് സാധ്യമല്ല. വര്‍ക്കിങ് വിമണ്‍ ഫോറം പോലുള്ള കൂട്ടായ്മക­ള്‍ ലക്ഷ്യമിടുന്നത് ട്രേഡ് യൂണിയനുകളില്‍ സ്ത്രീ­കളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ്. എ­ങ്ങനെയാണ് പ്രതിസന്ധികളെ പരിഹരിക്കാന്‍ സ്വയം പ്രാപ്തമാക്കപ്പെടുന്നത് എന്ന കാര്യത്തില്‍ അവര്‍ക്ക് ട്രേഡ് യൂണിയനുകളില്‍ നിന്ന് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കപ്പെടണം. അ­വര്‍ യൂണിയനുകളുടെ നേതൃനിരയിലേക്ക് വരണം. അങ്ങനെയെങ്കില്‍ അവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാനാകും. സ്ത്രീ പ്രദര്‍ശനവസ്തുവല്ല, പോരാളിയാണെന്ന് തിരിച്ചറിയപ്പെടണം. രാഷ്ട്രീയത്തിലും തൊഴിലാളി, കര്‍ഷക സംഘടനകളിലും വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളിലുമെല്ലാം സ്ത്രീകള്‍ നേതൃപദവികളിലെത്തിയാല്‍ അതുണ്ടാക്കുന്ന സാമൂഹിക സ്വാധീനം ചെറുതല്ല. സാമൂഹിക പരിണാമത്തിനും അത് വഴിതെളിക്കും. പ്രഖ്യാപിക്കപ്പെട്ട ദേശീയ പണിമുടക്കം വലിയൊരു പോരാട്ടത്തിന്റെ ഭാഗമാണ്. മുകളില്‍ സൂചിപ്പിച്ച രീതിയിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി, ദളിത്, ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ക്കും പ്രവൃത്തികള്‍ക്കുമെതിരെയുള്ള പോരാട്ടമായി അത് സമൂഹമാകെ ഏറ്റെടുക്കും. സമൂഹത്തെ തകര്‍ക്കുന്നതാണ് കേന്ദ്രത്തിന്റെ വിറ്റഴിക്കല്‍ നയം. നമ്മുടെ വിഭവങ്ങളും പൊതുസ്വത്തും വില്പനയ്ക്ക് വച്ചിരിക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി ശബ്ദമുയര്‍ത്തുന്ന ട്രേഡ് യൂണിയനുകളെ അടിച്ചമര്‍ത്താന്‍ നിയമങ്ങള്‍ കൊണ്ടുവരുന്നു. നയങ്ങള്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്നാണ് ഭരണകൂട നിശ്ചയം. അതിനെതിരെയാണ് ആദ്യം പോരാടേണ്ടത്. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ (എന്‍എംപി), തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് എന്നിവയ്ക്കെതിരെയുള്ള വലിയ പോരാട്ടത്തിന്റെ തുടക്കമാകും ഫെബ്രുവരിയിലെ പണിമുടക്കം. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള നിലയ്ക്കാത്ത പോരാട്ടത്തിന്റെ പ്രധാന ചുവടുവയ്പ്. ‘മിഷന്‍ ഇന്ത്യ’ എന്ന വിശേഷണത്തോടെയാണ് ട്രേഡ് യൂണിയനുകള്‍ ഈ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത്. വരുംകാല തെരഞ്ഞെടുപ്പുകളില്‍ ബാലറ്റുകളിലൂടെ ഈ ജനവിരുദ്ധ ഭരണകൂടത്തെ പുറത്താക്കണം. വര്‍ഗീയവല്‍ക്കരിക്കപ്പെട്ട നമ്മുടെ സാമൂഹിക സാംസ്കാരിക മേഖലകളെ വീണ്ടെടുക്കണം. പൊതുമേഖലകളെ സ്വകാര്യവല്‍ക്കരണത്തില്‍നിന്ന് കരകയറ്റി രാജ്യത്തിന്റെ വിഭവവും സമ്പത്തും സംരക്ഷിക്കണം. നമ്മുടെ സ്വാതന്ത്ര്യസമര പോരാളികള്‍‍ സ്വപ്നം കണ്ട ഇന്ത്യയാണ് വേണ്ടത്. മിഷന്‍ ഇന്ത്യ അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടിയാണ്.

Exit mobile version