Web Desk

January 26, 2022, 5:08 am

റിപ്പബ്ലിക്കിന് വെല്ലുവിളി ഉയര്‍ത്തുന്നത് സംരക്ഷകര്‍

Janayugom Online

ഇന്ത്യ ഇന്ന് 72-ാമത് റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഒരു ഭരണഘടനാധിഷ്ഠിത മതേതര, ബഹുസ്വര ജനാധിപത്യ റിപ്പബ്ലിക് എന്ന നിലയില്‍ ഇതര ലോകരാഷ്ട്രങ്ങളുമായുള്ള താരതമ്യത്തില്‍ അഭിമാനകരമായ ചരിത്രം ഇന്ത്യക്ക് തീര്‍ച്ചയായും അവകാശപ്പെടാനാവും. കോളനി അനന്തര ലോക ചരിത്രത്തില്‍ ഇന്ത്യക്ക് ഒപ്പവും അതിനുശേഷവും സ്വാതന്ത്ര്യം പ്രാപിച്ച രാജ്യങ്ങളില്‍ ഏറെയും ജനാധിപത്യ ഭരണസംവിധാനങ്ങള്‍‍ അഭിമുഖീകരിക്കേണ്ടിവന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ആ അവകാശവാദം പ്രസക്തവുമാണ്. എന്നാല്‍ ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ട ഇന്ത്യന്‍ റിപ്പബ്ലിക്കന്‍‍ മൂല്യങ്ങളും സങ്കല്പങ്ങളും അഭൂതപൂര്‍വമായ വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. ഇന്ത്യന്‍ റിപ്പബ്ലിക്കിന് അടിത്തറയായി വര്‍ത്തിക്കുന്ന ഭരണഘടനയും അതിന്റെ അടിസ്ഥാനത്തില്‍ അസ്ഥിത്വം ഉറപ്പിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളും മതനിരപേക്ഷ ബഹുസ്വര ജനാധിപത്യവും തികച്ചും ഭീഷണമായ ചിത്രമാണ് കാഴ്ചവയ്ക്കുന്നത്.

 


ഇതുകൂടി വായിക്കൂ:  ഒരു റിപ്പബ്ലിക് ദിനം


 

ഇന്ത്യയുടെ റിപ്പബ്ലിക്കന്‍ സങ്കല്പങ്ങളും മൂല്യങ്ങളും വെല്ലുവിളിക്കപ്പെടുന്നത് ഇത് ആദ്യമല്ല. എന്നാല്‍ മുമ്പൊന്നുമില്ലാത്ത വെല്ലുവിളികളാണ് ആ മൂല്യങ്ങളും അതിന് ആധാരമായ ഭരണഘടനക്കും നേരെ അതിന്റെ സംരക്ഷകരാവേണ്ട ഭരണകൂടത്തില്‍ നിന്നുതന്നെ ഉയരുന്നത്. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടവര്‍തന്നെ പൗരന്റെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തമ്മിലുള്ള അസന്തുലിതാവസ്ഥയെപ്പറ്റി വിലപിക്കാന്‍ ആരംഭിച്ചിരിക്കുന്നു എന്നത് യാതൊരു കാരണവശാലും ശുഭസൂചകമല്ല. ‘ഇന്ത്യയുടെ ദൗര്‍ബല്യം അവകാശങ്ങള്‍ക്ക് അമിത ഊന്നല്‍ നല്കുന്നതും ഉത്തരവാദിത്തങ്ങള്‍ അവഗണിക്കുന്നതുമാണെ‘ന്ന് ഈ അടുത്ത ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി വിലപിച്ചത്. ഒരു മതസംഘടനയുടെ ‘ആസാദി കാ അമൃത് മഹോത്സവ് സെ സ്വര്‍ണിം ഭാരത് കാ ഓര്‍’ (സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ നിന്നും സുവര്‍ണ ഭാരതത്തിലേക്ക്) എന്ന പരിപാടിയില്‍ നടത്തിയ മുഖ്യപ്രഭാഷണത്തിലാണ് പൗരന്മാരുടെ ഉത്തരവാദിത്വ രാഹിത്യത്തെപ്പറ്റിയുള്ള മോഡീവിലാപം.

 


ഇതുകൂടി വായിക്കൂ:  നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്


 

ഏഴു വര്‍ഷത്തെ ത­ന്റെ ഭരണത്തില്‍ ഇന്ത്യയെ ലോകത്ത് ഏറ്റവുമധികം വിശപ്പ് അനുഭവിക്കുന്നവരുടെ രാജ്യമാക്കി മാറ്റിയ മോഡി അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തേക്ക് രാജ്യത്തിനുവേണ്ടി കാത്തുവയ്ക്കുന്നത് എന്തെന്നു വിവരിക്കുന്നു. ‘കഴിഞ്ഞ 75 വര്‍ഷം അവകാശങ്ങളെപ്പറ്റി സംസാരിച്ചും അതിനുവേണ്ടി വഴക്കിട്ടും നാം സമയം പാഴാക്കി. ഉത്തരവാദിത്തങ്ങള്‍ അവഗണിച്ചു’. അങ്ങനെ നഷ്ടപ്പെട്ട സ­മയം തിരിച്ചുപിടിക്കാന്‍ ത്യാഗബുദ്ധിയോടെ ക­ര്‍ത്തവ്യനിരതരാവുക വഴി ഒരു സുവര്‍ണ ഇ­ന്ത്യക്ക് അടിത്തറ പാ­കണമെന്നാണ് മോഡി ആവശ്യപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ജനങ്ങള്‍ അനുഭവിച്ചുപോന്ന പൗരാവകാശങ്ങളാണ് ഇന്ത്യയുടെ ദൗര്‍ബല്യം എന്നാണ് പ്രധാനമന്ത്രി ഭംഗ്യന്തരേണ പറഞ്ഞുവയ്ക്കുന്നത്. നീതിപൂര്‍വവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പു മുതല്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റടക്കമുള്ള ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലവും അപ്രസക്തവുമാക്കി മാത്രമേ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള ജനങ്ങളുടെ പോരാട്ടത്തെ നിഷേധിക്കാനാവു. ഭരണഘടന സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടു മാത്രമേ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് അതിര്‍ത്തി നിര്‍ണയിക്കാനാവു. തെരഞ്ഞെടുപ്പ് കമ്മിഷന്‍, നീതിന്യായ വ്യവസ്ഥ, നീതിപീഠം എന്നിവയുടെ സ്വയം ഭരണാവകാശവും ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യവും നിഷേധിക്കാതെ ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ആവില്ല. മോഡി ഭരണകൂടത്തിന്റെ ഇതപര്യന്തമുള്ള ചരിത്രം വിശകലന വിധേയമാക്കിയാല്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിനെ സജീവമായി നിലനിര്‍ത്തുന്ന ഭരണഘടനയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും പൗരാവകാശങ്ങളുടെയും നേരെ നടന്ന കടന്നാക്രമണങ്ങളുടെയും നിഷേധത്തിന്റെയും ചരിത്രമാണ് അതെന്ന് ബോധ്യപ്പെടും.

 


ഇതുകൂടി വായിക്കൂ:  ഭരണഘടനയുടെ അന്തസത്തയും ചെെതന്യവും സംരക്ഷിക്കപ്പെടണം


 

എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ തയാറെടുപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ ഓരോന്നും രാജ്യത്തിന്റെ ചരിത്രത്തെതന്നെ നിഷേധിക്കാനും അസത്യങ്ങളും അര്‍ധസത്യങ്ങളും കൊണ്ട് പകരം വയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാകും. ഇന്ത്യന്‍ റിപ്പബ്ലിക്കിനും അതിന്റെ അസ്ഥിവാരമായി വര്‍ത്തിക്കുന്ന ഭരണഘടനയ്ക്കും അതിന്റേതായ ചരിത്രങ്ങളേറെയുണ്ട്. അത് നിഷേധിക്കുക എന്നത് റിപ്പബ്ലിക്കിന്റെയും ഭരണഘടനയുടെയും നിഷേധമാണ്. അതിനെ പ്രതിരോധിക്കുകയും പരാജയപ്പെടുത്തുകയുമെന്നതാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളി.