Site iconSite icon Janayugom Online

കേന്ദ്ര സമ്മര്‍ദം: പത്തുവര്‍ഷത്തിനിടെ ഗൂഗിള്‍; 1.1 ലക്ഷം ഉള്ളടക്കങ്ങള്‍ നീക്കി

കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യൂട്യൂബ്, വെബ് ബ്രൗസറുകള്‍ എന്നിവയുള്‍പ്പെടെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഏകദേശം 1.155 ലക്ഷം ഉള്ളടക്ക ഭാഗങ്ങള്‍ ഗൂഗിള്‍ നീക്കി. ഇന്റര്‍നെറ്റ് ഉള്ളടക്കങ്ങളില്‍ രാജ്യത്ത് കടുത്ത സെന്‍സറിങ് നിലനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സര്‍ഫ്‌ഷാര്‍ക്ക് തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ട്. ഈ രീതിയില്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രതിദിനം ശരാശരി അഞ്ച് അഭ്യര്‍ത്ഥനകള്‍ വീതം സര്‍ക്കാര്‍ നടത്തി. ഓരോ അഭ്യര്‍ത്ഥനകളിലും ശരാശരി അഞ്ച് ഉള്ളടക്കങ്ങള്‍ വീതം നീക്കം ചെയ്തിട്ടുണ്ട്. 

2013‑നും 2022‑നും ഇടയിലായി, 19,600ലധികം തവണ ഇന്ത്യൻ സര്‍ക്കാര്‍ ഏജൻസികള്‍ ഉള്ളടക്കം നീക്കം ചെയ്യാൻ ഗൂഗിളിനോട് അഭ്യര്‍ത്ഥന നടത്തി. ഗൂഗിളിന്റെ കീഴിലുള്ള വിവിധ പ്ലാറ്റ്‌ഫോമുകള്‍, യുട്യൂബ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉള്ളടക്കങ്ങളാണ് ഇവ. പ്രധാനമായും അപകീര്‍ത്തിപരമായ ഉള്ളടക്കമെന്നാണ് കാരണമായി പറയുന്നത്. ഇന്ത്യ നീക്കം ചെയ്യാൻ അഭ്യര്‍ത്ഥിച്ച ഉള്ളടക്കങ്ങളില്‍ ഭൂരിഭാഗവും യൂട്യൂബില്‍ നിന്നാണ്. ഗൂഗിള്‍ പ്ലേ ആപ്പുകള്‍, വെബ് സെര്‍ച്ച്‌ എന്നിവ രണ്ടും മൂന്നും സ്ഥാനത്തെത്തി. 2022 നെ അപേക്ഷിച്ച് 26 ശതമാനം വര്‍ധന ഈ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. 

ആഗോള തലത്തില്‍ ആറ് രാജ്യങ്ങളിലായാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥനകളുടെ 85 ശതമാനവും ഉണ്ടായിരിക്കുന്നത്. ആകെ 3,55,000-ലധികം സര്‍ക്കാര്‍ അഭ്യര്‍ത്ഥനകള്‍ ഉണ്ടായി. 2022 നെ അപേക്ഷിച്ച് 50 ശതമാനത്തിലേറെ വര്‍ധന. 2.15 ലക്ഷം അഭ്യര്‍ത്ഥനകള്‍ നടത്തിയ റഷ്യയാണ് ഒന്നാം സ്ഥാനത്ത്. ദിവസ ശരാശരി 57 എണ്ണം വരും. ആകെ അഭ്യര്‍ത്ഥനകളുടെ 61 ശതമാനവും റഷ്യയാണ് നടത്തിയിരിക്കുന്നത്. ദക്ഷിണകൊറിയ 27,000 അഭ്യര്‍ത്ഥനകളുമായി രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയ്ക്ക് പിന്നാലെ തുര്‍ക്കി, ബ്രസീല്‍, യുഎസ് എന്നീ രാജ്യങ്ങളും പട്ടികയില്‍ ഇടംനേടി. ഇമേജസ്, യൂട്യൂബ്, മാപ്‌സ് എന്നിവയടക്കം 50 വ്യത്യസ്ത ഗൂഗിള്‍ ഉല്പന്നങ്ങളില്‍ നിന്നും ഉള്ളടക്കങ്ങള്‍ നീക്കംചെയ്യുന്നതിനായി ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry: Cen­tral pres­sure: Google in ten years; 1.1 lakh con­tents removed

You may also like this video 

Exit mobile version