രാജ്യത്തിന്റെയും ലോകത്തിന്റെയും അഭിമാനമായ രാജ്യതലസ്ഥാനത്തെ നാഷണല്‍ മ്യൂസിയം ഒരു വര്‍ഷം അടച്ചിടും. കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്താ പദ്ധതി നിര്‍മ്മാണം ആരംഭിക്കുന്ന 2024 മാര്‍ച്ചില്‍ നാഷണല്‍ മ്യൂസിയം ഇടിച്ച് നിരത്താനാണ് സര്‍ക്കാര്‍ തീരുമാനം. അതുവരെ അമൂല്യവും വിലപിടിപ്പുള്ളതുമായ രേഖകള്‍ എങ്ങനെ പരിപാലിക്കുമെന്ന ആശങ്കയും ഉയര്‍ന്നുകഴിഞ്ഞു.
കേന്ദ്ര സംസ്കാരിക വകുപ്പ് 2025 മാര്‍ച്ചിലാകും നാഷണല്‍ മ്യൂസിയം ഏറ്റെടുക്കുക. തുടര്‍ന്ന് നാഷണല്‍ മ്യൂസിയം എന്ന് പേര് മാറ്റി യുഗ് യുഗീന്‍ ഭാരത് എന്നാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ നാഷണല്‍ മ്യൂസിയം ഒഴിയണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മ്യൂസിയം അടച്ചിടുന്നതോടെ ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നരവംശ ശാസ്ത്രജ്ഞര്‍ക്കും ബദല്‍ മാര്‍ഗം കണ്ടുപിടിക്കേണ്ടിവരും.
2.10 ലക്ഷം ചരിത്ര രേഖകള്‍ സുക്ഷിക്കുന്ന മ്യൂസിയം മാറ്റി സ്ഥാപിക്കുന്നത് രേഖകളുടെ നാശത്തിന് വഴിതെളിക്കുമെന്ന് നാനാതുറകളില്‍പ്പെട്ടവര്‍ ഇതിനകം ആശങ്ക പ്രകടിപ്പിച്ച് കഴിഞ്ഞു. മ്യൂസിയത്തിലെ അമൂല്യ രേഖകളും വസ്തുക്കളും സുക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന സംസ്കരിക വകുപ്പിന്റെ വാദം പൊതുസമൂഹം ഇതുവരെ മുഖവിലയ്ക്ക് എടുത്തിട്ടില്ല. ആഗോള പ്രശസ്തരായ ബുദ്ധിജീവികളും കലാകാരന്മാരും എഴുത്തുകാരും അടങ്ങിയ 75 ഓളം പേര്‍ നാഷണല്‍ മ്യൂസിയം നശിപ്പിക്കുന്ന വിധത്തിലുള്ള സെന്‍ട്രല്‍ വിസ്താ നിര്‍മ്മാണ പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു.
ചരിത്ര പ്രാധാന്യവും പഴക്കവും അമൂല്യശേഖരങ്ങളുടെ കലവറയുമായ നാഷണല്‍ മ്യൂസിയം അറ്റകുറ്റപ്പണി നടത്തി നവീകരിക്കുകയാണ് വേണ്ടതെന്ന് അവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ നാഷണല്‍ മ്യൂസിയം ഇടിച്ച് നിരത്താനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.
English Summary:Central Vista Construction erases history
You may also like this video