Site iconSite icon Janayugom Online

കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണം ; ചീഫ് ജസ്റ്റിസിന് കത്തെഴുതി കേന്ദ്ര നിയമമന്ത്രി

ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ കത്ത്. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് കത്ത്. സുപ്രീം കോടതി കൊളീജിയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇതിലൂടെ സുതാര്യതയും പൊതു ഉത്തരവാദിത്തവും വര്‍ധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെഴുതിയ കത്തില്‍ കിരണ്‍ റിജിജു അവകാശപ്പെട്ടു. ജഡ്ജി നിയമനങ്ങള്‍ വൈകിപ്പിക്കുന്ന വിഷയത്തില്‍ കേന്ദ്രത്തിന് സുപ്രീം കോടതി അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആവര്‍ത്തിച്ച്‌ നല്‍കുന്ന ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ കേന്ദ്രം ബാധ്യസ്ഥരാണെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. കൊളീജിയം സമ്പ്രദായത്തിനെതിരെ മുമ്പും പലതവണ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി രംഗത്തു വന്നിട്ടുണ്ട്. ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖറും സ്പീക്കര്‍ ഓം ബിര്‍ളയും അടുത്തിടെ കൊളീജിയത്തിനെതിരായ ആക്രമണത്തില്‍ പങ്കുചേര്‍ന്നിരുന്നു. എന്നാല്‍ നിയമനത്തിന് നിലവിലുള്ള മാനദണ്ഡം ഭേദഗതിചെയ്യുന്നത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് സുപ്രീം കോടതി. അതേസമയം കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. സുപ്രീം കോടതിയുടെ അധികാരത്തില്‍ കടന്നുകയറുന്നതിനുള്ള നീക്കങ്ങളിലാണ് കേന്ദ്രസര്‍ക്കാരെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

Eng­lish Sum­ma­ry: cen­tre demands appoint­ment of govt offi­cial in supreme court collegium
You may also like this video

Exit mobile version