കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്‌ടി സൂപ്രണ്ടിനെ സംസ്ഥാന വിജിലൻസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വയനാട് കൽപ്പറ്റ സിജിഎസ്‌ടി സൂപ്രണ്ട് പർവീന്ദർ സിങ്ങിനെയാണ് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തത്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലി കേസിൽ പിടികൂടേണ്ടത് സിബിഐ ഉദ്യോഗസ്ഥരാണെന്നാണ് ചട്ടം. എന്നാൽ ആദ്യമായാണ് കൈക്കൂലി കേസിൽ കേന്ദ്ര സർക്കാർ ജീവനക്കാരനെ സംസ്ഥാന വിജിലൻസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നത്. പ്രമുഖ സിനിമാ താരം കൂടിയായ ഡിവൈഎസ്‌പി സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.
നികുതിയായി ഒമ്പത് ലക്ഷം രൂപ ഒരു കരാറുകാരൻ അടച്ചിരുന്നു. ഇയാളിൽ നിന്ന് പത്ത് ലക്ഷം രൂപ അധികം അടയ്ക്കണമെന്ന് ജിഎസ്‌ടി വകുപ്പ് നോട്ടീസ് നൽകി. എന്നാൽ അത്രയും തുക അടയ്ക്കേണ്ടതില്ല് കരാറുകാരന്‍ വാദിച്ചു. ഇതോടെ പണം നൽകിയാൽ നികുതി കുറച്ച് തരാമെന്ന് പര്‍വീന്ദര്‍ സിങ് കരാറുകാരനോട് പറഞ്ഞു. കരാറുകാരൻ ഈ വിവരം സംസ്ഥാന വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് നൽകിയ നോട്ടുകളുമായി കരാറുകാന്‍ പർവീന്ദർ സിങ്ങിനെ കണ്ടു. ആവശ്യപ്പെട്ട ‘തുക’ എണ്ണിയുറപ്പാക്കി കരാറുകാരനിൽ നിന്ന് വാങ്ങുന്നതിനിടെ പർവീന്ദറിനെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്ന് ലക്ഷം രൂപയാണ് ജിഎസ്‌ടി ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. ഒന്നര ലക്ഷം രൂപ നൽകാമെന്ന് ഉറപ്പിച്ചാണ് കരാറുകാരന്‍ ഉദ്യോഗസ്ഥനെ ചെന്നുകണ്ടത്.
English Sammury: central cgst officer arrested in wayanad