Site iconSite icon Janayugom Online

കണ്ണീർപ്പുഴയായി ചാലിയാർ; ഒഴുകിയെത്തിയത് 26 മൃതദേഹങ്ങള്‍

rain wayanadrain wayanad

വയനാട്ടിലെ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒഴുകിയെത്തിയത് 25 കിലോമീറ്ററുകൾ അകലെ മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയിൽ. പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ കണ്ടെത്തിയത് 26 മൃതദേഹങ്ങളാണ്. കയ്യും കാലും തലയും ഉൾപ്പെടെ വിവിധ ശരീരഭാഗങ്ങളില്ലാത്ത മൃതദേഹങ്ങളാണ് പുഴയിലൂടെ ഒഴുകിയെത്തിയത്. ഇതില്‍ മൂന്ന് വയസുകാരന്റേതും ഉൾപ്പെടുന്നു. 

മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിലുണ്ടായ മലവെള്ളം ചാലിയാർ പുഴയിലേക്കാണ് ഒഴുകുന്നത്.ചാലിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ പോത്തുകല്ല് ഭാഗത്ത് കുമ്പളപ്പാറ, തരിപ്പപൊട്ടി, വാണിയംപുഴ, ഇരുട്ടുകുട്ടി കോളനി നിവാസികൾക്ക് ജാഗ്രതാനിർദേശം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് രാത്രി ഉറങ്ങാതെ പുഴയിൽ വെള്ളം ഉയരുന്നത് നോക്കിനിന്ന കോളനി നിവാസികൾക്കാണ് വയനാട്ടിലെ ഉരുൾപൊട്ടലിനെക്കുറിച്ച് ആദ്യസൂചന ലഭിച്ചത്. പുലർച്ചെ രണ്ടുമണിയോടെ ഗ്യാസ് കുറ്റികളും അതിനുപിന്നാലെ പാത്രങ്ങളും വാഷിങ് മെഷീനുകളും ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളും മരത്തടികളും ഒലിച്ചുവരുന്നതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഇവർ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. 

പുലർച്ചെ മുതൽ പുഴയോരത്ത് നാട്ടുകാർ തിരച്ചിൽ തുടങ്ങിയപ്പോഴാണ് തീരത്തടിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കുനിപ്പാല ഭാഗത്തുനിന്ന് ഏകദേശം ഒമ്പത് വയസ് പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നീട് അമ്പിട്ടാൻപൊട്ടി ഭാഗത്തുനിന്ന് ഒരു സ്ത്രീയുടെ ശരീരാവശിഷ്ടവും ഭൂതാനത്തുനിന്ന് മറ്റൊരു സ്ത്രീയുടെ മൃതദേഹാവശിഷ്ടവും കിട്ടി. പുഴയിലും പുഴയോട് ചേർന്നുള്ള വനത്തിലും അഗ്നിരക്ഷാസേനയുടെയും എൻഡിആർഎഫിന്റെയും പൊലിസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടർന്നു. 

ഇരുട്ടുകുത്തി, പോത്തുകല്ല്, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോത്തുകൽ പഞ്ചായത്തിലാണ് മൃതദേഹങ്ങളേറെയും അടിഞ്ഞത്. ചുങ്കത്തറ കുന്നത്തു പൊട്ടിക്കടവിലും ഒരു മൃതദേഹം കിട്ടി. 15 വയസ് പ്രായം തോന്നുന്ന പെൺകുട്ടിയുടെ മൃതദേഹമാണ് അവസാനമായി കണ്ടെത്തിയത്. വനത്തിനുള്ളിലെ കുമ്പിളപ്പാറ കോളനി ഭാഗങ്ങളിൽ അഞ്ച് മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞതായി ആദിവാസികൾ അറിയിച്ചു. എന്നാൽ അഗ്നിരക്ഷാ സേനയ്ക്ക് ആ ഭാഗത്തേക്ക് കടക്കാനായില്ല. 

വനത്തിനകത്തുനിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കു കൂടുതലായതിനാൽ മറുകരയിൽ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാനാകാത്ത സ്ഥിതിയുണ്ടായി. എട്ട് മൃതദേഹങ്ങൾ പുഴയുടെ മറുകരയിൽ നിന്നാണ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയത്. ശക്തമായ കുത്തൊഴുക്കുള്ളതിനാൽ പുഴയിൽ നിന്നും വനത്തിൽ നിന്നും കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കിട്ടാനാണ് സാധ്യതയെന്ന് നാട്ടുകാർ പറയുന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചാലിയാർ തീരത്തും മുണ്ടേരി വനമേഖലയിലും പരിശോധന നടത്തിവരികയാണ്. കണ്ടെത്തിയ മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എട്ട് മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലാണ്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പേവാർഡ് ഒഴിപ്പിച്ചാണ് പ്രത്യേകം ഫ്രീസർ മോര്‍ച്ചറി തയ്യാറാക്കിയത്. 

Eng­lish Sum­ma­ry: Chali­yar as a stream of tears; 26 dead bod­ies were washed away

You may also like this video

Exit mobile version