Site iconSite icon Janayugom Online

ചാമ്പ്യ­ന്‍സ് ട്രോഫി; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ, കോലിയുടെ തകര്‍പ്പന്‍ സെഞ്ചുറി

ചാമ്പ്യ­ന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആധിപത്യം കണ്ട മത്സരത്തില്‍ പാകിസ്ഥാ­നെതിരെ ആ­റ് വിക്കറ്റിന്റെ അ­നായാസ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്തി പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 42.3 ഓവറില്‍ നാല് വിക്കറ്റുകള്‍ നഷ്ടമായി ല­ക്ഷ്യ­ത്തിലെത്തി. തു­ടര്‍ച്ചയായ രണ്ടാം മത്സരത്തി­ലും ജയിച്ചതോടെ ഇ­ന്ത്യ സെമിയുറപ്പിച്ചു. തോ­ല്‍വിയോടെ പാ­കിസ്ഥാന്റെ സെ­മിസാധ്യതകള്‍ ഏകദേശം അ­ടഞ്ഞിരിക്കുകയാണ്. ആക്രമണശൈലിയോടെയാണ് ഓപ്പണറായ രോഹിത് ശര്‍മ്മ തുടക്കമിട്ടത്. സ്കോര്‍ അതിവേഗം നീങ്ങുന്നതിനിടെ രോഹിത്തിനെ ഷ­ഹീന്‍ അഫ്രീദി ബൗള്‍ഡാക്കി. 15 പന്തില്‍ 20 റണ്‍സെടുത്താണ് താരം മടങ്ങിയത്. വിരാട് കോലിയും ശു­ഭ്മാന്‍ ഗില്ലും ചേര്‍ന്ന് സ്കോര്‍ 100ലെത്തിച്ചു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേ­ടിയ ഗില്‍ ഇത്തവണ 52 പ­ന്തില്‍ 46 റണ്‍സുമായി പുറത്തായി. എന്നാല്‍ പിന്നീ­ടൊന്നിച്ച കോലി-ശ്രേയസ് അയ്യര്‍ സഖ്യം ഇന്ത്യയുടെ സ്കോര്‍ മു­ന്നോ­ട്ടുകൊണ്ടുപോയി. 114 റണ്‍സാണ് ഇ­രുവരും കൂട്ടിച്ചേര്‍ത്തത്. 67 പന്തില്‍ 56 റണ്‍സെടുത്ത ശ്രേയസ് പുറ­ത്താകുമ്പോള്‍ സ്കോര്‍ 214 റണ്‍സായിരുന്നു. ഹാര്‍ദിക് പാ­ണ്ഡ്യ (എട്ട്), അക്സര്‍ പട്ടേല്‍ (മൂന്ന്) എ­ന്നി­വരാണ് മറ്റു സ്കോറര്‍മാര്‍.

പാകിസ്ഥാന് പക്ഷേ ആദ്യ 10 ഓവറിനിടെ തന്നെ ഓപ്പണര്‍മാരായ ബാബര്‍ അസം (26 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറിയടക്കം 23 റണ്‍സ്), ഇമാം ഉള്‍ ഹഖ് (26 പന്തില്‍ 10) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ബാബറിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ ഇമാമിനെ അക്സര്‍ പട്ടേല്‍ റണ്ണൗട്ടാക്കി. ബംഗ്ലാദേശിനെതിരെയെന്ന പോലെ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ മൂന്നാം വിക്കറ്റില്‍ മുഹമ്മദ് റിസ്‌വാനും സൗദ് ഷക്കീലും ചേര്‍ന്ന് പതുക്കെ പാകിസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ചു. 33 ഓവറില്‍ 151–2 എന്ന മികച്ച നിലയിലായിരുന്നു പാകിസ്ഥാൻ. ഇതിനിടെ ഹാര്‍ദ്ദിക്കിന്റെ പന്തില്‍ റിസ്‌വാനും അക്സറിന്റെ പന്തില്‍ സൗദ് ഷക്കീലും നല്‍കിയ ക്യാച്ചുകള്‍ ഇന്ത്യ നഷ്ടമാക്കുകയും ചെയ്തതോടെ പാകിസ്ഥാന്‍ മികച്ച സ്കോര്‍ സ്വപ്നം കണ്ടു. എന്നാല്‍ 46 റണ്‍സെടുത്തു നില്‍ക്കെ ഹാര്‍ദിക്കിന്റെ പന്തില്‍ റിസ്‌വാനെ ഹര്‍ഷിത് റാണ കൈവിട്ടെങ്കിലും തൊട്ടടുത്ത ഓവറില്‍ അതേ സ്കോറില്‍ റിസ്‌വാനെ അക്സര്‍ പുറത്താക്കി. 77 പന്തില്‍ നിന്ന് മൂന്ന് ഫോറടക്കം 46 റണ്‍സായിരുന്നു റിസ്‌വാന്റെ സമ്പാദ്യം. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 104 റണ്‍സ് സഖ്യം ചേര്‍ത്തു.

നിലയുറപ്പിച്ച സൗദ് ഷക്കീലിനെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കിയതോടെ അവര്‍ പ്രതിസന്ധിയിലായി. 76 പന്തില്‍ നിന്ന് അഞ്ചു ഫോറടക്കം 62 റണ്‍സെടുത്തുനില്‍ക്കെയാണ് ഹാര്‍ദിക്, ഷക്കീലിനെ മടക്കിയത്. പിന്നാലെ നിലയുറപ്പിക്കും മുമ്പ് തയ്യബ് താഹിറിനെ രവീന്ദ്ര ജഡേജയും പുറത്താക്കിയതോടെ പാകിസ്ഥാന്‍ അഞ്ചിന് 165 റണ്‍സെന്ന നിലയിലായി. വെറും നാല് റണ്‍സ് മാത്രമാണ് താഹിറിന് നേടാനായത്. തുടര്‍ന്ന് ആറാം വിക്കറ്റില്‍ ഒന്നിച്ച സല്‍മാന്‍ ആഗ‑ഖുഷ്ദില്‍ ഷാ സഖ്യം പാകിസ്ഥാനെ 200 റണ്‍സിലെത്തിച്ചു. പിന്നാലെ കുല്‍ദീപ് യാദവിനെ കടന്നാക്രമിക്കാനുള്ള സല്‍മാന്റെ ശ്രമം പാളി, പന്ത് രവീന്ദ്ര ജഡേജയുടെ കൈകളില്‍. 24 പന്തില്‍ നിന്ന് ഒരു ബൗണ്ടറിപോലുമില്ലാതെ 19 റണ്‍സെടുത്താ­ണ് താരം പുറത്തായത്. നസീം ഷാ 16 പന്തില്‍ നിന്ന് 14 റണ്‍സെടുത്തു. കു­ഷ്ദില്‍ ഷായുടെ(39 പന്തില്‍ 38) പോരാട്ടം അവരെ 241 റണ്‍സിലെത്തിച്ചു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് 10 ഓവറില്‍ 40 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ എട്ട് ഓവറില്‍ 31 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

Exit mobile version