Site iconSite icon Janayugom Online

ചാന്‍സലര്‍: ഗവര്‍ണറെ നീക്കുന്നതിനെ പിന്തുണയ്ക്കാന്‍ യുഡിഎഫില്‍ ലീഗ് സമ്മര്‍ദ്ദം

governorgovernor

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുകൂലമായ കോണ്‍ഗ്രസ് നിലപാടിനെതിരെ മുസ്‌ലിം ലീഗില്‍ അമര്‍ഷം. കെ സുധാകരന്‍ വിഷയം വിട്ടെങ്കിലും സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവി സംബന്ധിച്ച കോണ്‍ഗ്രസ് നിലപാട് തിരുത്തിക്കാനുള്ള തീരുമാനത്തിലാണ് ലീഗ്. കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ലീഗ് യോഗം ഇക്കാര്യത്തില്‍ ധാരണയായിക്കഴിഞ്ഞു. യുഡിഎഫിലെ മറ്റുകക്ഷികളെയും ഒപ്പം നിര്‍ത്തും.ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വന്ന മാറ്റവും ആര്‍എസ്എസും കേന്ദ്ര സര്‍ക്കാരും കൈക്കൊള്ളുന്ന നിലപാടുകളുമാണ് ലീഗിനെ ഇക്കാര്യത്തില്‍ ആശങ്കപ്പെടുത്തുന്നത്. നേരത്തെ ചാന്‍സലര്‍ പദവി വിദ്യാഭ്യാസ മേഖലയ്ക്ക് ഭീഷണിയായിരുന്നില്ല. എന്നാല്‍ ഇന്ന് ഉന്നത വിദ്യാഭ്യാസത്തിനുമാത്രമല്ല, മദ്രസാ പഠനത്തിനുപോലും ഇടങ്കോലിടുന്ന തരത്തിലായി മാറിയത് സമൂഹത്തിനാകെ ദോഷം ചെയ്യുമെന്നാണ് ലീഗില്‍ ഉയര്‍ന്ന ചര്‍ച്ച.

ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്റേത് തീര്‍ത്തും ആര്‍എസ്എസ് അജണ്ടയാണെന്നാണ് ലീഗിലെയും മുസ്‌ലിം മതപണ്ഡിതരുടെയുമെല്ലാം അഭിപ്രായം. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും അന്തമായ രാഷ്ട്രീയ വൈര്യം മനസില്‍വച്ചാണ് ഗവര്‍ണറെ ചാന്‍സലര്‍ പദവികളില്‍ നിന്ന് ഒഴിവാക്കുന്നതിനെ എതിര്‍ക്കുന്നത്. എന്നാല്‍ അതിന്റെ ആപത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കുന്നില്ലെന്ന് മുതിര്‍ന്ന ലീഗ് നേതാവ് ‘ജനയുഗ’ത്തോട് പറഞ്ഞു. ചാന്‍സലര്‍ പദവി സംബന്ധിച്ച ലീഗിന്റെ അഭിപ്രായവും കോണ്‍ഗ്രസ് നിലപാടിന്മേലുള്ള അത‍ൃപ്തിയും യുഡിഎഫില്‍ തന്നെ ഉന്നയിക്കും. ഡിസംബര്‍ ആദ്യവാരം ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുമ്പ് യുഡിഎഫ് ചേരണമെന്നാണ് ലീഗിന്റെ ആവശ്യം. സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവികളില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കി അതിവിദഗ്ധരെ നിയമിക്കാനുള്ള ബില്‍ നിയമസഭയില്‍ വന്നാല്‍ ഭേദഗതികളോടെ അതിനെ പിന്തുണയ്ക്കണമെന്ന നിര്‍ദ്ദേശം മുന്നണിയില്‍ ഉന്നയിക്കാനാണ് ലീഗിന്റെ തീരുമാനമെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ലീഗിന്റെ നിലപാടിനോട് യോജിക്കുന്ന നിരവധി നേതാക്കളാണ് കോണ്‍ഗ്രസിലുള്ളത്. നിയമസഭാ സമ്മേളനത്തിന് മുമ്പ് ഇക്കാര്യത്തില്‍ ഒരു പൊതുധാരണ ഉണ്ടാക്കുന്നതിന് ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്താനും ശ്രമിക്കുന്നുണ്ട്. ലീഗിന്റെ സമ്മര്‍ദ്ദം കൂടി ആവുന്നതോടെ ഡിസംബറിലെ നിയമസഭാ സമ്മേളനം ദേശീയ ശ്രദ്ധയാകര്‍ഷിച്ചേക്കും.

Eng­lish Summary:Chancellor: League pres­sure on UDF to sup­port removal of governor
You may also like this video

Exit mobile version