Site icon Janayugom Online

ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പ്; ബിജെപിക്ക് തിരിച്ചടി, എഎപി സ്ഥാനാര്‍ത്ഥിയെ സുപ്രീംകോടതി മേയറായി പ്രഖ്യാപിച്ചു

ചണ്ഡീഗഢില്‍ വരണാധികാരിയെ കൂട്ടുപിടിച്ച് ജനാധിപത്യ കശാപ്പ് നടത്തിയ ബിജെപിക്ക് കനത്ത തിരിച്ചടി. ചണ്ഡീഗഢ് മേയര്‍ തെരഞ്ഞടുപ്പ് അസാധുവാക്കി സുപ്രീം കോടതി. കൃത്രിമം നടത്തി വിജയിപ്പിച്ച ബിജെപിയുടെ മനോജ് സോങ്കര്‍ക്ക് പകരം പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രതിനിധി കുല്‍ദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. വരണാധികാരി അനില്‍ മസീഹിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. മേയര്‍ തെരഞ്ഞടുപ്പിലെ ബാലറ്റ് പേപ്പറും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ച കോടതി കുതിരക്കച്ചവടം അനുവദിക്കില്ലെന്ന് വ്യക്തമാക്കി. മേയര്‍ തെരഞ്ഞടുപ്പ് ചോദ്യം ചെയ്ത് ആംആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി ഇന്നലെ പരിഗണിക്കാനിരിക്കേ, ബിജെപി മേയര്‍ മനോജ് സോങ്കര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
നാമനിര്‍ദേശം ചെയ്യപ്പെട്ട ബിജെപി അംഗം അനില്‍ മസീഹിനെ ഉപയോഗിച്ചാണ് ബിജെപി രാഷ്ട്രീയ അട്ടിമറി നടത്തിയത്. 

അസാധുവെന്ന് കാട്ടി അനില്‍ മസീഹ് മാറ്റിവച്ച എട്ട് വോട്ടുകള്‍ സാധുവാണെന്ന് കോടതി കണ്ടെത്തി. വോട്ടിങ് സമയത്ത് വരണാധികാരി ബാലറ്റ് പേപ്പറില്‍ കൃത്രിമം നടത്തുന്ന വീഡിയോ ദൃശ്യം പരിശോധിച്ചശേഷമായിരുന്നു സാധുവെന്ന് കോടതി വിധിച്ചത്. ഇതോടെ 16നെതിരെ 20 വോട്ടുകള്‍ക്കാണ് കുല്‍ദീപ് കുമാര്‍ വിജയിച്ചത്. മേയര്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും വോട്ടെടുപ്പ് നടത്താമെന്ന ചണ്ഡീഗഢ് ഭരണകൂടത്തിന്റെ നിര്‍ദേശം കോടതി തള്ളി. വരണാധികാരി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു. കോടതിക്ക് മുമ്പാകെ വ്യാജരേഖ സമര്‍പ്പിച്ചു. അതുകൊണ്ടുതന്നെ വരണാധികരിയുടെ തീരുമാനം നിയമവിരുദ്ധമായതുകൊണ്ട് തീരുമാനം റദ്ദാക്കുകയാണ് എന്ന് കോടതി പറഞ്ഞു.
ക്രിമിനല്‍ നടപടിക്രമത്തിലെ സെക്ഷന്‍ 340 ലംഘിച്ച അനില്‍ മസീഹ് കോടതി നടപടി നേരിടണമെന്നും പരമോന്നത കോടതി ചൂണ്ടിക്കാട്ടി. നേരത്തെ മൂന്നു എഎപി അംഗങ്ങള്‍ കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ സന്നദ്ധമാണെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം കോടതി അംഗീകരിച്ചില്ല.
സുപ്രീം കോടതി വിധിയെ ഇന്ത്യ സഖ്യം പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു. ജനാധിപത്യം കശാപ്പ് ചെയ്യാനുള്ള ബിജെപിയുടെ കുതന്ത്രത്തിന്റെ അന്ത്യമാണ് വിധിയിലുടെ പുറത്തുവന്നിരിക്കുന്നതെന്ന് സിപിഐ അഭിപ്രായപ്പെട്ടു. എഎപി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും വിധിയെ സ്വാഗതം ചെയ്തു. 

Eng­lish Summary:Chandigarh May­or Elec­tion; In a blow to BJP, AAP can­di­date was announced as Supreme Court Mayor
You may also like this video

Exit mobile version