പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ കൈവശം ആകെയുള്ളത് 15000 രൂപ. അക്കൗണ്ടിൽ 15.98 ലക്ഷം രൂപ. ബാധ്യത 12.72 ലക്ഷം രൂപ. നാമനിർദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ചാണ്ടി ഉമ്മന്റെ ബാധ്യതകളുടെയും ആസ്ഥികളുടെയും പട്ടികയുള്ളത്.
സ്വന്തമായി സ്ഥലമോ, വീടോ ഇല്ല. അഭിഭാഷകനും സോഷ്യൽ വർക്കറുമാണ് എന്ന് പറയുന്ന സത്യവാങ് മൂലത്തിൽ 25,000 രൂപമാസ വരുമാനമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. വിവിധ ബാങ്കുകളിലെ സേവിങ്‌സ് അക്കൗണ്ടുകളിലും ഫിക്‌സഡ് ഡെപ്പോസിറ്റുകളിലുമായി 15.98 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്റെ അക്കൗണ്ടിലുള്ളത്. കാനറാ ബാങ്കിന്റെ തിരുവനന്തപുരം ശാഖയിലെ നിക്ഷേപത്തിന്മേലുള്ള 7.85 ലക്ഷം രൂപയുടെ വായ്പയും, എഫ്ഡി അക്കൗണ്ടിന്മേൽ 4.46 ലക്ഷംരൂപയുടെ ഓവർ ഡ്രാഫ്റ്റും, തിരുവനന്തപുരം ജില്ലാ ലോയേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നുള്ള 40,385 രൂപയുടെ വായ്പയും ചാണ്ടിയുടെ പേരിലുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന്റെ പക്കൽ 10000 രൂപ. വരുമാനം ഒന്നുമില്ലെന്നും സത്യവാങ്മൂലം. കെ.എസ്.എഫ്.ഇയുടെ ഭരണങ്ങാനം ശാഖയിൽ 4.75 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ടെന്നാണ് സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നത്. ഭാര്യയുടെ പേരിൽ ആറുലക്ഷത്തോളം രൂപ വിലവരുന്ന മാരുതി എസ് ക്രോസ് എന്ന കാറും, കൈവശം 10000 രൂപയും ഉണ്ട്.
ലിജിൻ ലാലിന്റെ പക്കൽ മൂന്നു പവൻ തൂക്കമുള്ള ഒരു മാല, അര പവൻ തൂക്കം വരുന്ന ഒരു മോതിരം എന്നിവയുണ്ട്. ഭാര്യയുടെ കൈവശം 38.64 ലക്ഷം രൂപ വിലവരുന്ന 84 പവൻ സ്വർണമുണ്ട്. ആകെ ഭാര്യയ്ക്ക് 50.64 ലക്ഷം രൂപയുടെ ആസ്തി കൈവശമുണ്ട്. സ്വർണവും നിക്ഷേപവും അടക്കം 6.59 ലക്ഷം രൂപയുടെ സ്വത്താണ് ലിജൻ ലാലിനുള്ളത്. കുറിച്ചിത്താനം വില്ലേജിൽ 12 ലക്ഷത്തോളം വിലവരുന്ന ഭൂമി ലിജിൻ ലാലിന്റെ പേരിലുണ്ട്. അമ്മയുടെ പേരിൽ കുറിച്ചിത്താനം വില്ലേജിൽ 25 ലക്ഷത്തോളം രൂപ വിലവരുന്ന വീടും സ്ഥലവും. കുറിച്ചിത്താനം വില്ലേജിൽ തന്നെ 1300 സ്‌ക്വയർഫീറ്റ് വരുന്ന കെട്ടിടത്തിന് 25 ലക്ഷത്തോളം വില വരുന്നുണ്ട്.
ലിജിൻ ലാൽ പൊതുപ്രവർത്തനം തൊഴിലായി സ്വീകരിച്ചപ്പോൾ, ഭാര്യ കെഎസ്ഇബി ഉദ്യോഗസ്ഥയാണ്. തനിക്ക് വരുമാനം ഇല്ലെന്ന് സ്ഥാനാർത്ഥി അവകാശപ്പെടുമ്പോൾ, പങ്കാളിയ്ക്കു ശമ്പളവും അമ്മയ്ക്ക് പെൻഷനും ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാകുന്നു.
English Summary: Chandy Oommen has assets of 16 lakhs, Lijinlal has 6.5 lakhs and land
You may also like this video