Site iconSite icon Janayugom Online

ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി ഹൗസിലെത്തിച്ചു

ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ എത്തിച്ചു. ഉച്ചക്ക് രണ്ടേകാലോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ ആംബുലന്‍സ് വഴി കൊണ്ടുവന്ന മൃതദേഹം റോഡ് മാര്‍ഗമാണ് പുതുപ്പള്ളി ഹൗസിലെത്തിച്ചത്. വിമാനത്താവളത്തിലും പരിസരങ്ങളിലും തുടര്‍ന്നിങ്ങോട്ടുള്ള വഴിയോരങ്ങളിലുമായി ആളുകള്‍ കാത്തുനിന്നിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുയായികളും അന്ത്യാഭിവാദ്യ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് തങ്ങളുടെ നേതാവിന്റെ ചേതനയറ്റ ശരീരത്തെ ഏതിരേറ്റത്.

പുതുപ്പള്ളി ഹൗസിലും ജഗതി, ഡിപിഐ ജംങ്ഷനുകളിലുമായി അദ്ദേഹത്തെ കാണുന്നതിനായി തിങ്ങിനിറഞ്ഞിരുന്നു. ചാക്കയില്‍ നിന്ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിനെ അനുഗമിച്ച ആളുകളും വാഹനങ്ങളും കൂടിയെത്തിയതോടെ ഇവിടത്തെ തിരക്കുവര്‍ധിച്ചു. വന്‍ പൊലീസ് സന്നാഹമാണ് പൊതുദര്‍ശന ചടങ്ങുകള്‍ നിയന്ത്രിക്കുന്നതിനായി സജ്ജരായിട്ടുള്ളത്.

വൈകീട്ട് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനായി മൃതദേഹം കൊണ്ടുപോകും. തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോള്‍ പ്രാര്‍ത്ഥനയ്ക്കായി പോയിരുന്ന സെക്രട്ടേറിയറ്റിനടുത്തുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലും പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ മൃതദേഹ ശുശ്രൂഷയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം ശാസ്തമംഗലത്തെ കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് കൊണ്ടുപോകും. വിപുലമായ സജീകരണങ്ങളാണ് കെപിസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനായി ക്രമീകരിച്ചിരിക്കുന്നത്. രാത്രിയോടെ വീണ്ടും ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോരും.

നാളെ രാവിലെ ഏഴ് മണിക്കാണ് തലസ്ഥാനത്തുനിന്ന് കോട്ടയത്തേക്കുള്ള ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര. പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് മന്ത്രിമാരടക്കം അകമ്പടിയേകും. എംസി റോഡ് വഴിയാണ് വിലാപയാത്ര പോകുക. ആദ്യം കോട്ടയം തിരുനക്കര മൈതാനത്തെ പൊതുദര്‍ശന വേദിയിലേക്കാണ് ഭൗതിക ശരീരം എത്തിക്കുക. തുടര്‍ന്നാണ് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോവുക.

 

Eng­lish Sam­mury: Oom­men Chandy’s body was brought to Pudu­pal­ly House

Exit mobile version