രൂക്ഷമായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന സാധാരണക്കാര്‍ക്ക് തിരിച്ചടിയായി ഭക്ഷ്യഎണ്ണ വില കുതിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യഎണ്ണ സംഭരണത്തിലും വിതരണത്തിലും നയമാറ്റം വരുത്തിയതാണ് വില ക്രമാതീതമായി ഉയരാന്‍ ഇടയാക്കിയത്. കഴിഞ്ഞമാസം ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചതോടെയാണ് വിലക്കയറ്റം രൂക്ഷമായത്.
കടുക്, സോയാബീന്‍, കടല എണ്ണകളുടെ ആഭ്യന്തര ഉല്പാദനവും വിപണനവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇറക്കുമതി ചുങ്കം കൂട്ടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ തീരുമാനം തിരിച്ചടിയായി മാറുകയായിരുന്നു. ഇറക്കുമതി നികുതിയും എണ്ണക്കുരു വിലയും തമ്മിലുള്ള അന്തരവും വിലക്കയറ്റത്തിന് ഇടവരുത്തി. അസംസ്കൃത‑സംസ്കരിച്ച ഭക്ഷ്യ ഇറക്കുമതി നികുതി യഥാക്രമം 27.5, 35.75 ശതമാനം നിരക്കിലാണ് കൂട്ടിയത്. നേരത്തെയുണ്ടായിരുന്ന 5.5, 13.75 ശതമാനത്തില്‍ നിന്നാണ് ഗണ്യമായ വര്‍ധന. ഇതിലെ അന്തരം വിലക്കയറ്റം രൂക്ഷമാകുന്നതിനിടവരുത്തി. രാജ്യത്തിനാവശ്യമായ 55 ശതമാനം ഭക്ഷ്യഎണ്ണയും ഇറക്കുമതി ചെയ്യുമ്പോഴാണ് മോഡി സര്‍ക്കാര്‍ നയം മാറ്റം നടത്തി വിലക്കയറ്റം സൃഷ്ടിച്ചത്. സോയാബീന്‍
എണ്ണ 32, സൂര്യകാന്തി 22, പാംഓയില്‍ 20 ശതമാനം എന്നിങ്ങനെയായിരുന്ന ഇറക്കുമതി. ഇത് നിലച്ചതോടെ വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നു. ആഗോള വിപണിയിലെ വില, ആഭ്യന്തര വില, ക്രൂഡ്-സംസ്കരിച്ച എണ്ണ തുടങ്ങിയ ഘടകങ്ങള്‍ ആസ്പദമാക്കിയാണ് ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെങ്കിലും ഫലം പ്രതികൂലമായി. നിരക്ക് വര്‍ധിപ്പിച്ചത് രാജ്യത്തേക്കുള്ള എണ്ണ വരവിനെ പ്രതികൂലമായി ബാധിച്ചു.
ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്നതിന്റെയും ഇറക്കുമതി ചെയ്യുന്ന എണ്ണയുടെയും വില താരതമ്യം ചെയ്താണ് നേരത്തെ വിപണിയില്‍ വിലനിര്‍ണയം നടത്തിയിരുന്നത്. സംസ്കരിച്ച എണ്ണയും അസംസ്കൃത എണ്ണയും തമ്മിലുള്ള വില അന്തരം കണക്കാക്കുന്നതിലും കേന്ദ്ര സര്‍ക്കാരിന് വീഴ്ച സംഭവിച്ചു. നേരത്തെ വിലക്കയറ്റം രൂക്ഷമായപ്പോള്‍ അരി, ഗോതമ്പ്, ഉള്ളി എന്നിവ കയറ്റുമതി ചെയ്യുന്നത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ തീരുമാനവും വിലക്കയറ്റം രൂക്ഷമാകുന്നതിനാണ് ഇടവരുത്തിയത്.