Site icon Janayugom Online

നാളെ ട്രെയിനുകള്‍ക്ക് നിയന്ത്രണം

മധുരൈ ഡിവിഷനിലെ സബ്‌വേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാളെ ട്രെയിനുകള്‍ക്ക് നിയന്ത്രണം. നിരവധി ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് (22627) വിരുദുനഗര്‍ ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരുച്ചിറപ്പള്ളിയിലേക്കുള്ള സര്‍വീസ് (22628) തിരുവനന്തപുരത്തിന് പകരം വിരുദുനഗര്‍ ജങ്ഷനില്‍ നിന്നാകും ആരംഭിക്കുക. കോയമ്പത്തൂര്‍ ജങ്ഷന്‍-നാഗര്‍കോവില്‍ ജങ്ഷന്‍ എക്സ്പ്രസ് (16322) ദിണ്ടിഗുല്‍ ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. 16321 നമ്പര്‍ ട്രെയിന്‍ നാഗര്‍കോവിലിന് പകരം ദിണ്ടിഗുല്‍ ജങ്ഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. താംബരം-നാഗര്‍കോവില്‍ അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ് (20691), നാഗര്‍കോവില്‍-താംബരം അന്ത്യോദയ(20692) എന്നിവയും നാഗര്‍കോവിലിന് പകരം ഇന്ന് ദിണ്ടിഗുല്‍ ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കുകയും ആരംഭിക്കുകയും ചെയ്യും.

ഇന്ന് രാത്രി സര്‍വീസ് ആരംഭിച്ച ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്(16128), നാളെ രാവിലെ പുറപ്പെടുന്ന നാഗര്‍കോവില്‍ ജങ്ഷന്‍-മുംബൈ സിഎസ്എംടി എക്സ്പ്രസ്(16340) എന്നിവ തെങ്കാശി വഴി സര്‍വീസ് നടത്തും.

അതേസമയം, ഖരഗ്പുര്‍ ഡിവിഷനിലെ ട്രാഫിക് നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ഹൗറ ജങ്ഷനില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഹൗറ ജങ്ഷന്‍-കന്യാകുമാരി പ്രതിവാര സൂപ്പര്‍ഫാസ്റ്റ്(12665), എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ഹൗറ ജങ്ഷന്‍ അന്ത്യോദയ പ്രതിവാര എക്സ്പ്രസ്(22878) എന്നിവ പൂര്‍ണമായും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

Eng­lish Sam­mury: Con­struc­tion of Sub­way in Madu­rai Divi­sion; Change in sched­ule of train ser­vices tomorrow

Exit mobile version