Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം: സുരേന്ദ്രന്‍ ഒന്നാം പ്രതി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെട്ട മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയാണ്. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപേരാണ് കുറ്റപത്രത്തിലുള്ളത്.

യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക്, ബിജെപി മുൻ ജില്ലാ അധ്യക്ഷനും സുരേന്ദ്രന്റെ മുഖ്യതെരഞ്ഞെടുപ്പ് ഏജന്റുമായ കെ കെ ബാലകൃഷ്‌ണ ഷെട്ടി, നേതാക്കളായ സുരേഷ്‌ നായിക്‌, കെ മണികണ്‌ഠ റൈ, ലോകേഷ്‌ നോഡ എന്നിവരാണ്‌ കേസിലെ മറ്റ് പ്രതികൾ. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജനാധിപത്യ നിയമത്തിലെ 171 ബി, ഇ തുടങ്ങിയ വകുപ്പുകളും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാര്‍ത്ഥി കെ സുന്ദരയ്ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും കോഴയായി നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് കേസ്. മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അന്വേഷണം ആരംഭിച്ച് 16 മാസത്തിന് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ സുന്ദരയെ കാണാതായിരുന്നു. ഇതോടെ തട്ടിക്കൊണ്ടുപോകൽ ആരോപണവുമായി കുടുംബവും ബിഎസ്‌പിയും രംഗത്തെത്തിയതോടെയാണ് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സുരേന്ദ്രൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തി സുന്ദര രംഗത്തെത്തിയത്. പത്രിക പിന്‍വലിക്കുന്നതിനായി രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട്ഫോണും സുരേന്ദ്രന്‍ നൽകിയെന്നായിരുന്നു സുന്ദര പറഞ്ഞത്. 

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രന്റെ വിജയത്തിന് തടസമായത് കെ സുന്ദരയുടെ സാന്നിധ്യമായിരുന്നു. 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ തോറ്റത്. സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. 2021 ലും സുന്ദര പത്രിക സമർപ്പിച്ചതിന് പിന്നാലെ സുന്ദര പത്രിക പിൻവലിച്ചതായും ബിജെപിയിൽ ചേർന്നതായുള്ള വാർത്തകൾ പുറത്തുവരികയും ചെയ്തു. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് സുന്ദര തന്നെ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് കോഴ ആരോപണങ്ങള്‍ പുറത്തുവരുന്നത്.

Eng­lish Summary;Charge sheet in elec­tion cor­rup­tion case: Suren­dran is the first accused

You may also like this video

Exit mobile version