Site iconSite icon Janayugom Online

ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ മലേഷ്യയിലേക്ക് കടത്തി; അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി പരാതി, അറസ്റ്റ്

ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ മലേഷ്യയിലേക്ക് കടത്തിയതായി പരാതി. ജോലിയും വിസയും ലഭിക്കാതെ അമ്പതോളം പേര്‍ മലേഷ്യയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് അവിടെനിന്നും രക്ഷപെട്ടെത്തിയവര്‍ ആരോപിച്ചു. അഞ്ചോളം പേരുടെ പരാതിയാണ് നെടുങ്കണ്ടം പാെലീസ് സ്റ്റേഷനിൽ ലഭിച്ചത്. നെടുങ്കണ്ടം കുന്നിരുവിള അഗസ്റ്റിന്‍(58) എന്ന വ്യക്തിക്കെതിരെ തട്ടിപ്പിനിരയായ ആളുകളുടെ ബന്ധുക്കള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്തു. മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും പായ്ക്കിങ് സെക്ഷനുകളിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

എണ്‍പതിനായിരം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്യു കയും ജോലിയ്ക്കായി ഒരു ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ ഇയാള്‍ യുവാക്കളില്‍ നിന്നും വാങ്ങിയതായും ബന്ധുക്കള്‍ പറഞ്ഞു. തട്ടിപ്പ് നടത്തിയ അഗസ്റ്റിന്റെ മകന്‍ മലേഷ്യയിലാണ് ജോലി ചെയ്യുന്നത്. ഇത് മറയാക്കിയാണ് തട്ടിപ്പ് നടയിരുന്നത്. ചെന്നൈയില്‍ എത്തുമ്പോള്‍ വിസ നല്‍കുമെന്നായിരുന്നു ഇവരോട് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് തായ്‌ലന്റില്‍ എത്തുമ്പോഴേക്കും വിസ ശരിയാകുമെന്ന് പറഞ്ഞ് ഇവരെ തായ്‌ലന്റിലേക്ക് അയച്ചു. തുടര്‍ന്ന് തായ്‌ലന്റില്‍ നിന്നും രഹസ്യമാര്‍ഗത്തിലൂടെ ഇവരെ മലേഷ്യയിലേക്ക് കടത്തി. തായ്ലന്റില്‍ എത്തിയപ്പോള്‍ തട്ടിപ്പ് മനസിലായെങ്കിലും ഫോണോ മറ്റ് സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിക്കാന്‍ കഴിഞ്ഞില്ല.

എട്ട് മണിക്കൂറോളം വന മേഖലയിലൂടെ നടന്നും അടച്ച് മൂടിയ കണ്ടെയ്‌നര്‍ ലോറികളിലും ബോട്ട്മാര്‍ഗവും യാത്ര ചെയ്താണ് ഇവരെ മലേഷ്യയില്‍ എത്തിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. മലേഷ്യയിലേയ്ക്ക് പോയ ആറ് യുവാക്കള്‍ പിന്നീട് ബോട്ട് മാര്‍ഗം തായ്ലന്റില്‍ തിരിച്ചെത്തി തായ്‌ലന്റ് പോലീസില്‍ കീഴടങ്ങിയ ശേഷം ഗവണ്‍മെന്റിന്റെ സഹായത്തോടെ തിരികെ നാട്ടില്‍ എത്തുകയായിരുന്നു. ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരെ തുച്ഛമായ ശമ്പളത്തില്‍ കഠിന ജോലികള്‍ ചെയ്യിക്കുകയാണെന്നും പാസ്‌പോര്‍ട്ട് അടക്കം പിടിച്ചുവച്ചിരിക്കുന്നതിനാല്‍ ഇവര്‍ക്ക് മലേഷ്യന്‍ സര്‍ക്കാരിന്റെ സഹായം തേടാനാകുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ടൂറിസ്റ്റ് വിസ പോലും ഇല്ലാതെയാണ് ഇവര്‍ മലേഷ്യയില്‍ കഴിയുന്നത്. ബന്ധുക്കള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിസ തട്ടിപ്പ് നടത്തിയതിന് ഇയാളെ നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ് ബിനു, എസ് ഐ ജയകൃഷ്ണൻ ടി.എസ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മനുഷ്യക്കടത്തിന് കേസെടുക്കുമെന്നും നെടുങ്കണ്ടം പോലീസ് അറിയിച്ചു.

Eng­lish Sum­ma­ry: job scam accused arrested
You may also like this video

Exit mobile version