Site iconSite icon Janayugom Online

ചേലക്കരയെ യുഡിഎഫ് കൈവിട്ടു

സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് നേതാക്കളെല്ലാം കേന്ദ്രീകരിക്കുന്നത് പാലക്കാട് മാത്രം. ചേലക്കരയിൽ യുഡിഎഫിന്റെ പ്രതീക്ഷകൾ മുഴുവന്‍ നഷ്ടപ്പെട്ടു. രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കി നിർത്തിയതിൽ പ്രാദേശികമായുണ്ടായ കോണ്‍ഗ്രസിലെ പടലപ്പിണക്കവും യുഡിഎഫിന് തലവേദനയായിരിക്കുകയാണ്. 

മണ്ഡലത്തിൽ പ്രധാന ചുമതലയുള്ള മാത്യു കുഴല്‍നാടൻ പോലും വല്ലപ്പോഴുമാണ് എത്തുന്നത്. മഹിളാ കോൺഗ്രസും യൂത്ത് കോൺഗ്രസും പാലക്കാട് തമ്പടിക്കുമ്പോഴും എഐസിസി നോമിനിയായ രമ്യ ഹരിദാസിനെ തഴയുകയാണ്. നവംബർ ഒന്നിന് മഹിളാ കോൺഗ്രസ് അധ്യക്ഷയും രാജ്യസഭാ എംപിയുമായ ജെബി മേത്തർ ഉൾപ്പെടെയുള്ളവർ പാലക്കാട് എത്തിയപ്പോഴും മഹിളാ കോൺഗ്രസിന്റെ പ്രകടനമോ പ്രചരണമോ ചേലക്കരയിൽ ഉണ്ടായില്ല. യൂത്ത് കോൺഗ്രസുകാരും പാലക്കാടാണ് കേന്ദ്രീകരിക്കുന്നത്. കെ സി വേണുഗോപാലും വി ഡി സതീശനും വന്നു പോയതൊഴികെ ഓളമുണ്ടാക്കാൻ യുഡിഎഫിന് സാധിച്ചിട്ടില്ല. 

രമ്യ ഹരിദാസുമായുള്ള ലീഗിന്റെ അസ്വാരസ്യം പ്രചരണത്തിൽ പ്രകടമാണ്. സംസ്ഥാനത്തെ പല നേതാക്കളും ചേലക്കരയിലെ പ്രചരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. പല സ്ഥലങ്ങളിലും പൊതുയോഗങ്ങളിലും കൺവെൻഷനുകളിലും ആളില്ലാത്ത അവസ്ഥയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയോ എ ഗ്രൂപ്പിന്റെ ജില്ലയിലെ നേതാക്കളുടെയോ സാന്നിധ്യം പോലും മണ്ഡലത്തിലില്ല. എൽഡിഎഫ് കൈവിട്ട പി വി അൻവറിനെ പിന്തുണയ്ക്കുന്നത് യുഡിഎഫ് പാളയത്തിലുള്ളവരാണ്. അതിൽ മുസ്ലിംലീഗിന്റെ സജീവ സാന്നിധ്യം ഉണ്ടെന്നത് ശ്രദ്ധേയമാണ്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രമ്യയെ സ്ഥാനാർത്ഥിയാക്കിയതിൽ പരക്കെ അമർഷമുണ്ട്. ഒരു നേതാവെന്ന നിലയിൽ സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാൻ പറ്റാത്ത സ്ഥാനാർത്ഥിയുടെ പരിമിതി പല കോൺഗ്രസ് നേതാക്കളും സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചിട്ടുമുണ്ട്. പ്രമുഖ നേതാക്കളായ കെ മുളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഹൈബി ഈഡൻ, ജെബി മേത്തർ തുടങ്ങിയവരുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മത്സരിക്കുന്നതിനാല്‍ സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് നേതാക്കളെല്ലാം പാലക്കാട് കേന്ദ്രീകരിക്കുകയാണ്. മറ്റുനേതാക്കൾ വയനാട്ടിലുമാണ്. അതുകൊണ്ടുതന്നെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും ജനശ്രദ്ധ നേടാനുള്ള തന്ത്രമാണ് യുഡിഎഫ് പ്രവർത്തകർ ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
യുഡിഎഫിന്റെ സിറ്റിങ് സീറ്റായ പാലക്കാട്ട് കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ എംപിമാരും എംൽഎമാരും ഉൾപ്പെടെയുള്ള അമ്പതോളം പ്രമുഖ നേതാക്കള്‍ പങ്കെടുത്തുവെങ്കിൽ ചേലക്കരയിൽ പൊതുയോഗത്തിൽ 20 നേതാക്കൾ പോലും പങ്കെടുത്തില്ല. എഐസിസി വക്താവ് കെ സി വേണുഗോപാലിന്റെ നോമിനിയായ രമ്യ ഹരിദാസിനെ തോല്പിക്കാൻ എ, ഐ ഗ്രൂപ്പുകൾ ഒത്തു ശ്രമിക്കുന്നുണ്ട്. 

Exit mobile version