Site iconSite icon Janayugom Online

നെഞ്ചകം തകർന്ന് തോട്ടം മേഖല; വാഴൂർ സോമന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

തോട്ടം മേഖലയിലെ കരുത്തുറ്റ നേതാവ് വാഴൂർ സോമന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസിയുടെ ദേശീയ പ്രവർത്തക സമിതി അംഗവുമായ പ്രിയനേതാവിനെ അവസാനമായി ഒന്നു കാണാൻ ഒഴികിയെത്തിയ ജനക്കൂട്ടം വാളാർടിയിലെ വീട്ടുവളപ്പിനെ സങ്കടക്കടലാക്കി. തിരുവനന്തപുരത്ത് റവന്യു അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച വാഴൂർ സോമന്റെ മൃതദേഹം ഇന്നലെ രാത്രി രണ്ടു മണിയോടെ വീട്ടിൽ എത്തിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറാഫ്, ജില്ലാ സെക്രട്ടറി കെ സലിംകുമാർ, ഇ ടി ടൈസൺ എംഎൽഎ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

 

തോട്ടംതൊഴിലാളികൾ അടക്കമുള്ള വൻ ജനാവലി അപ്പോൾ തന്നെ അവിടെ തടിച്ചു കൂടിയിരുന്നു. നേരം പുലർന്നതോടെ വീട്ടിലേക്കുള്ള ഒഴുക്കിന് ശക്തി കൂടി. റവന്യു മന്ത്രി കെ രാജൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുകുമാർ അടക്കുമുള്ള പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.
വിങ്ങിപ്പൊട്ടുന്ന തൊഴിലാളികളെയും വികാരഭരമായ മുദ്രാവാക്യങ്ങളെയും സാക്ഷിയാക്കി രാവിലെ 11 ന് മൃതദേഹം വണ്ടിപ്പെരിയാർ ടൗൺഹാളിലേക്ക്. അവിട പൊതു ദർശനത്തിനു ശേഷം വൈകുന്നേരം നാലിന് പഴയ പാമ്പനാറിലെ എസ് കെ ആനന്ദൻ സ്മൃതികുടീരത്തിനു സമീപം സംസ്കരിക്കും.

 

അപ്രതീക്ഷിതമായിരുന്നു വാഴൂർ സോമന്റെ വിയോഗം. പ്ലാന്റെഷൻ കമ്മിറ്റി യോഗത്തിലും റവന്യു അസംബ്ലിയിലും പങ്കെടുക്കുന്നതിനായി ചൊവ്വാഴച വൈകിട്ടാണ് തിരുവനന്തപുരത്തേക്ക്‌ പുറപ്പെട്ടത്. റവന്യു അസംബ്ലിക്കിടെ ഇന്നലെ വൈകിട്ട് കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14നാണ് ജനിച്ച സോമൻ എഐഎസ്എഫിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
2021‑ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പീരുമേട് മണ്ഡലത്തിൽ നിന്ന് നിയമസഭയിൽ എത്തിയത്.

Exit mobile version