Site iconSite icon Janayugom Online

ഛത്തീസ്‌ഗഢിലെ ബലാത്സംഗ‑കൂട്ടക്കൊലപാതകം; അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ

ഛത്തീസ്‌ഗഢിലെ ബലാത്സംഗ‑കൂട്ടക്കൊലപാതക കേസില്‍ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ. പഹാരി കോര്‍വ ഗോത്രസമുദായാംഗമായ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ഇരയുടെ പിതാവിനെയും നാലുവയസുകാരി സഹോദരിയെയും ഉള്‍പ്പെടെ കൊലപ്പെടുത്തുകയും ചെയ്‌ത കേസിലാണ് വിധി. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. 

2021 ജനുവരി 29നാണ് രാജ്യത്തെ ‍ഞെട്ടിച്ച സംഭവം. തികച്ചും മനുഷ്യത്വരഹിതവും ദയയില്ലാത്തതുമായ നടപടിയാണ് പ്രതികളുടേതെന്ന് അതിവേഗ കോടതി ജഡ്‌ജി മമത ഭോജ്‌വാനി വിധി പ്രസ്താവത്തില്‍ പറയുന്നു. സംഭവം സമൂഹത്തിന്റെ പൊതുബോധത്തിനേറ്റ മുറിവാണെന്നും കോടതി നിരീക്ഷിച്ചു. അത് കൊണ്ടുതന്നെ പ്രതികള്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞൊരു ശിക്ഷയും വിധിക്കാന്‍ ഈ കോടതിക്കാകില്ലെന്നും അവര്‍ വ്യക്തമാക്കി.

സത്രന്‍ഗയില്‍ താമസിക്കുന്ന ശാന്താറാം മാഞ്ജ്വാര്‍ എന്നയാളുടെ വീട്ടില്‍ കന്നുകാലികളെ മേയ്ക്കുന്നതടക്കമുള്ള ജോലി നോക്കിയിരുന്ന കുടുംബമായിരുന്നു ആക്രമണത്തിനിരയായത്. പ്രതിമാസം 8,000 രൂപയും പത്ത് കിലോ അരിയും നല്‍കാമെന്ന് പറഞ്ഞാണ് ശാന്താറാം ഇവരെ ജോലിക്ക് നിയോഗിച്ചിരുന്നത്. എന്നാല്‍ 600 രൂപയും പത്ത് കിലോ അരിയും മാത്രമാണ് പ്രതിമാസം നല്‍കിയിരുന്നത്. ബാക്കി തുക പിടിച്ചുവയ്ക്കുകയായിരുന്നു. 

കൂലി കൃത്യമയി ലഭിക്കാതായതോടെ കോര്‍വ കുടുംബം ഇയാളുടെ വീട്ടില്‍ നിന്ന് 2021 ജനുവരി 29ന് പോയി. എന്നാല്‍ ശാന്താറാം ഇവരെ തേടി സത്രന്‍ഗ ബസ് സ്റ്റാന്‍ഡില്‍ എത്തുകയായിരുന്നു. ഇവരെ ബൈക്കില്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞു. പതിനാറും നാലും വയസുള്ള രണ്ട് പെണ്‍കുട്ടികളും കുടുംബത്തോടൊപ്പമുണ്ടായിരുന്നു. ശാന്താറാം പിതാവിനെയും രണ്ട് പെണ്‍കുട്ടികളെയും ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി. മരിച്ചയാളുടെ ഭാര്യയെയും ബന്ധുവിനെയും മറ്റൊരു ബൈക്കിലും കയറ്റി. പിതാവിനെയും കുട്ടികളെയും ശാന്താറാം ഗര്‍ഹുപ്രോദയിലെ വനത്തിലെത്തിച്ചു. അവിടെ വച്ച് ശാന്താറാമും അഞ്ച് സഹായികളും ചേര്‍ന്ന് പിതാവിനെയും ഇളയ പെണ്‍കുട്ടിയെയും കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി. പതിനാറുകാരിയെ ബലാത്സംഗത്തിനിരയാക്കി. തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചുവെന്ന് കരുതി പാറക്കൂട്ടത്തിനടിയില്‍ ശരീരം ഒളിപ്പിക്കുകയും ചെയ്തു. 

രണ്ട് ദിവസം കഴിഞ്ഞാണ് കുടുംബം പൊലീസില്‍ വിവരമറിയിച്ചത്. പരാതി ലഭിച്ച് മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയും സംഭവത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തു. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് ജീവന്‍ ഉണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചു. 

സംഭവത്തില്‍ ശാന്താറാം മാഞ്ജ്വാര്‍, അനില്‍കുമാര്‍ സാരതി, പാര്‍ദേശി ദാസ്, ആനന്ദ് ദാസ്, അബ്‌ദുള്‍ ജബ്ബാര്‍ എന്ന വിക്കി മേമന്‍, ഉമാശങ്കര്‍ യാദവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആറുപേരും കേസില്‍ കുറ്റക്കാരാണെന്ന് അതിവേഗകോടതി കണ്ടെത്തി. അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിച്ച കോടതി 22കാരനായ ഉമാശങ്കര്‍ യാദവിനെ ജീവപര്യന്തം തടവിനും ശിക്ഷിക്കുകയായിരുന്നു. 

Exit mobile version