ഈമാസം പത്തിന് സുപ്രീം കോടതിയില്‍ നിന്ന് പടിയിറങ്ങുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അവശേഷിപ്പിച്ച് പോകുന്നത് നാല് ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം. സുപ്രീം കോടതി കൊളിജീയം ആവര്‍ത്തിച്ച് നിര്‍ദേശിച്ച നാല് പേരുടെ ശുപാര്‍ശ ഇതോടെ ത്രിശങ്കുവിലായി.
2023 ജനുവരിയിലാണ് ജസ്റ്റിസ് സൗരഭ് കൃപാലിനെ ഡല്‍ഹി, ആര്‍ ജോണ്‍ സത്യന്‍ തമിഴ‌്നാട്, അമിതേഷ് ബാനര്‍ജി, സാക്യസെന്‍ എന്നിവരെ കൊല്‍ക്കത്ത ഹൈക്കോടതികളില്‍ ജഡ്ജിമാരാക്കാന്‍ കൊളിജീയം ശുപാര്‍ശ ചെയ്തത്. മുംബൈ ഹൈക്കോടതിയില്‍ അഭിഭാഷകനായ സോമശേഖര്‍ സുന്ദരേശനെ ജഡ്ജിയായി നിയമിക്കാനും ശുപാര്‍ശ നല്‍കിയിരുന്നു. അതേ വര്‍ഷം നവംബറില്‍ സോമശേഖര്‍ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടെങ്കിലും ബാക്കിയുള്ള നാല് പേരുടെ വിഷയമാണ് അനന്തമായി നീളുന്നത്.
അമിതേഷ് ബാനര്‍ജിയുടെയും സാക്യ സെന്നിന്റെയും പേരുകള്‍ ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്തെങ്കിലും ഫയല്‍ തുറന്ന് നോക്കാനോ തിരിച്ചയ്ക്കനോ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ല. 2022ലെ ഗോധ്ര കലാപത്തിനിടെ സബര്‍മതി എക്സ്പ്രസ് ട്രെയിനിലെ തീപിടിത്തം സംബന്ധിച്ച് അന്വേഷണം നടത്തിയ സുപ്രീം കോടതി മുന്‍ ജഡ്ജി യു സി ബാനര്‍ജിയുടെ മകനാണ് അമിതേഷ് ബാനര്‍ജി. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ശ്യാമള്‍ സെന്നിന്റെ മകനാണ് സാക്യസെന്‍. കൊളിജീയം ശുപാര്‍ശയില്‍ ഇതുവരെ തീരുമാനം കൈക്കൊള്ളാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടും ശുപാര്‍ശ ആവര്‍ത്തിക്കാനുള്ള സുപ്രീം കോടതിയുടെ വൈമനസ്യവും വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്.
ചീഫ് ജസ്റ്റിസ് പദവിയില്‍ അവശേഷിക്കുന്ന ബാക്കിദിവസത്തിനിടെ ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ശുപാര്‍ശ ആവര്‍ത്തിക്കുമോ എന്നാണ് നിയമലോകം ഊറ്റുനോക്കുന്നത്. ഇതിനിടെ മദ്രസ വിദ്യാഭ്യാസം, അലിഗഡ് സര്‍വകാലാശാലയുടെ ന്യൂനപക്ഷ പദവി, സ്വത്ത് പുനര്‍വിഭജനം, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയുടെ നേതൃത്വത്തില്‍ നടന്ന അനധികൃത മരം മുറി, ലൈറ്റ് മോട്ടോര്‍ വാഹന ലൈസന്‍സ് എന്നീ വിധികളില്‍ അന്തിമ തീര്‍പ്പുകല്പിക്കാനും ബാക്കിയുണ്ട്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസായി ചുമതലേയേറ്റശേഷം ശുപാര്‍ശ ആവര്‍ത്തിക്കുമോ എന്ന് കണ്ടറിയണം.