Site icon Janayugom Online

രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്: സ്വാതന്ത്ര്യദിനാംശസയുമായി മുഖ്യമന്ത്രി

സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിൽ ഈ പ്രതിജ്ഞ നാം പുതുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പ്

ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനമാണിന്ന്.
കൊളോണിയൽ ഭരണത്തിനെതിരെ ധീരരക്തസാക്ഷികൾ ഉൾപ്പെടെ അനേകം ദേശാഭിമാനികൾ ജാതി, മത, ഭാഷാ, വേഷ വ്യത്യാസങ്ങൾക്കതീതമായി ഐക്യരൂപേണ നടത്തിയ അതിശക്തമായ ചെറുത്തുനിൽപ്പാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്.

ഇന്ത്യയിലെ ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യവ്യവസ്ഥ സ്വാതന്ത്ര്യ സമരത്തിന്റെ ഉൽപ്പന്നമാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ സാമ്രാജ്യത്തവിരുദ്ധ ജനാധിപത്യധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്. ഇന്ത്യയിൽ ഭാഷാ സംസ്ഥാനങ്ങളും ഫെഡറൽ വ്യവസ്ഥയുമെല്ലാം ഉണ്ടാകുന്നതും ദേശീയ സ്വാതന്ത്ര്യ സമരപ്രസ്‌ഥാനം പകർന്നുനൽകിയ മൂല്യങ്ങളിൽ നിന്നുമാണ്.

സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് മതനിരപേക്ഷതയായിരിക്കുമെന്ന ഉറച്ച ബോധ്യമാണ് ദേശീയ സ്വാതന്ത്ര്യ സമര മുന്നേറ്റത്തിനുണ്ടായിരുന്നത്. സ്വതന്ത്ര ഇന്ത്യയിൽ സഹിഷ്ണുതയും സഹവർത്തിത്വവും പുലരുമെന്നാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ ശിൽപ്പികൾ വിഭാവനം ചെയ്തത്. എന്നാൽ മതനിരപേക്ഷതയ്ക്ക് മുറിവേൽക്കുന്ന രീതിയിൽ വർഗ്ഗീയ‑വംശീയ ഭിന്നതകൾ റിപ്പബ്ലിക്കിനുമേൽ കരിനിഴൽ വീഴ്ത്തുന്ന ഘട്ടമാണിന്ന്. ഫെഡറൽ തത്വങ്ങളും വലിയ തോതിൽ അട്ടിമറിക്കപ്പെടുന്ന സ്‌ഥിതിയാണുള്ളത്.

ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കാനും നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിൽ ഈ പ്രതിജ്ഞ നാം പുതുക്കേണ്ടതുണ്ട്.

 

Eng­lish Sum­ma­ry: Chief Min­is­ter pinarayi vijayan wish­es Hap­py Inde­pen­dence Day
You may also like this video

Exit mobile version