Site iconSite icon Janayugom Online

ധർമേന്ദ്രയുടെ വിയോഗത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം

ദേശ ഭാഷാഭേദങ്ങളില്ലാതെ തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്ഠ നേടിയ പ്രതിഭയെയാണ് ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നത്. ആറര പതിറ്റാണ്ട് നീണ്ട കലാജീവിതത്തിൽ വൈവിധ്യമാർന്ന വേഷപ്പകർച്ചകളിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അറുപതുകളിലെയും എഴുപതുകളിലെയും ബോളിവുഡ് സിനിമകളിലെ നിത്യസാന്നിധ്യമായിരുന്നു ധർമേന്ദ്ര. ഷോലെ പോലെയുള്ള ക്ലാസ്സിക്കുകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ അവിസ്മരണീയമാണ്. 

രാജ്യാതിർത്തികൾക്കപ്പുറത്തേക്കും അദ്ദേഹത്തിന്റെ ജനപ്രീതി പടർന്നു. സോവിയറ്റ് യൂണിയൻ അടക്കമുള്ള രാഷ്ട്രങ്ങളിൽ ധർമേന്ദ്ര ചെയ്ത കഥാപാത്രങ്ങൾ വലിയ പ്രചാരം നേടി. പത്മഭൂഷൺ അടക്കമുള്ള നിരവധി ബഹുമതികൾ തന്റെ നീണ്ട അഭിനയ ജീവിതത്തിനിടെ അദ്ദേഹത്തെ തേടിയെത്തി. പൊതുരാഷ്ട്രീയത്തിലും സജീവമായിരുന്നു ധർമേന്ദ്ര. ധർമേന്ദ്രയുടെ വിയോഗം സൃഷ്ടിച്ച ദുഃഖത്തിൽ രാജ്യത്തെ ലക്ഷക്കണക്കിന് ആരാധകരോടൊപ്പം പങ്കുചേരുന്നു.

Exit mobile version