Site icon Janayugom Online

ശൈശവ വിവാഹം: നിർബന്ധിത രജിസ്ട്രേഷൻ ബില്ല് പാസാക്കി രാജസ്ഥാൻ സർക്കാർ

കടുത്ത എതിർപ്പുകൾക്കിടെ ശൈശവ വിവാഹം രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കുന്ന ബില്ല് പാസാക്കി രാജസ്ഥാൻ സർക്കാർ. പഴയ നിയമനിർമ്മാണത്തിൽ നിന്ന് ‘നിര്‍ബന്ധിതമായി രജിസ്റ്റര്‍ ചെയ്യുക’ എന്ന ഭേദഗതി മാത്രമാണ് വരുത്തിയെതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പുകൾക്കിടെയാണ് ശൈശവ വിവാഹങ്ങൾ ഉൾപ്പെടെയുള്ള വിവാഹങ്ങളുടെ നിർബന്ധിത രജിസ്ട്രേഷൻ സംബന്ധിച്ച 2009ലെ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ രാജസ്ഥാൻ നിയമസഭ വെള്ളിയാഴ്ച പാസാക്കിയത്.

2009ലെ രാജസ്ഥാൻ നിർബന്ധിത വിവാഹ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്താണ് രാജസ്ഥാൻ നിർബന്ധിത വിവാഹ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ 2021 എന്ന പുതിയ നിയമം പാസാക്കിയത്. ശൈശവ വിവാഹം നടന്നാൽ 30 ദിവസത്തിനകം രജിസ്റ്റർ ചെയ്യണമെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു. ഒട്ടേറെ ബോധവൽക്കരണങ്ങൾക്കും കടുത്ത നടപടികൾക്കും ശേഷം രാജ്യത്തുനിന്ന് തുടച്ചുനീക്കിയ ശൈശവ വിവാഹം വീണ്ടും കൊണ്ടുവരാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.

 


ഇതുകൂടി വായിക്കുക: ശൈശവ വിവാഹം: വിവരം നൽകുന്നവർക്ക് പാരിതോഷികം

 


 

അതേസമയം, ശൈശവ വിവാഹം സാധൂകരിക്കുന്നില്ലെന്നും എന്നാൽ രജിസ്ട്രേഷൻ നിർബന്ധമാക്കുകയാണ് ചെയ്യുന്നതെന്നും സഭയിൽ പാർലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാൾ പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം അംഗങ്ങൾ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ശൈശവ വിവാഹം നടന്നാൽ കുട്ടികളുടെ മാതാപിതാക്കളാണ് വിവരം അധികൃതരെ അറിയിക്കേണ്ടത്. 30 ദിവസത്തിനകം രജിസ്റ്റർ ചെയ്യണം. പുതിയ നിയമത്തിലെ സെക്ഷൻ എട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. നേരത്തെ ജില്ലാതലത്തിലുള്ള ഓഫിസറാണ് വിവാഹം രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം ബ്ലോക്ക് തലം വരെയുള്ള ഓഫിസർമാർക്ക് വിവാഹം രജിസ്റ്റർ ചെയ്യാം.

 


ഇതുകൂടി വായിക്കുക:ഡല്‍ഹിയിൽ സ്ത്രീ പീഡനം അതിരൂക്ഷം; ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് യുവതിയെ പീഡിപ്പിച്ചു

 


 

ശൈശവ വിവാഹം നിയമവിരുദ്ധമായി തുടരും. എങ്കിലും രജിസ്റ്റർ ചെയ്യണമെന്നാണ് സർക്കാർ പറയുന്നത്. നിയമവിരുദ്ധമായ ഒരുകാര്യം എന്തിനാണ് രജിസ്റ്റർ ചെയ്യുന്നതെന്നും പോലിസ് നടപടിയെടുക്കയല്ലേ വേണ്ടതെന്നും ബിജെപി അംഗങ്ങൾ ചോദിച്ചു. സുപ്രീം കോടതിയുടെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും സർക്കാർ അവകാശപ്പെട്ടു.

രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുന്നു എന്നത് കൊണ്ട് ശൈശവ വിവാഹം നിയമപരമാകും എന്ന് അർത്ഥമില്ലെന്ന് മന്ത്രി ധരിവാൾ പറഞ്ഞു. അത്തരം വിവാഹം സംഘടിപ്പിച്ചവർക്കെതിരേ നടപടിയെടുക്കും. രജിസ്റ്റർ ചെയ്തതിന് ശേഷമാകും നടപടി സ്വീകരിക്കുക. എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് 2006ലെ സീമഅശ്വനി കുമാർ കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചതാണ്. അതുപ്രകാരമാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.

 


ഇതുകൂടി വായിക്കുക:പണയം വെച്ച സ്വര്‍ണം തിരിച്ചെടുത്തു നല്‍കിയില്ല, ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കി; 27കാരന്‍ അറസ്റ്റില്‍

 


 

കുട്ടിയായിരിക്കെ വിവാഹം നടന്ന വ്യക്തിക്ക് പ്രായപൂർത്തിയായാൽ അത് റദ്ദ് ചെയ്യാനുള്ള അവകാശമുണ്ട്. ശൈശവ വിവാഹം പ്രോൽസാഹിപ്പിക്കാനും സർക്കാരിന് താല്പര്യമില്ല. എങ്കിലും എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യണമെന്നാണ് സർക്കാർ നിലപാട്. അതിന്റെ ഭാഗമാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും സർക്കാർ വ്യക്തമാക്കി. ബിജെപി അംഗങ്ങൾക്ക് പുറമെ, കോൺഗ്രസ് സർക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്ര അംഗം സന്യാം ലോധയും ബില്ലിനെ എതിർത്തു.

സർക്കാരിന്റെ നടപടി ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുന്നതിലൂടെ അതിന് അംഗീകാരം കൊടുക്കലാണെന്നും ബിജെപി അംഗങ്ങൾ അഭിപ്രായപ്പെട്ടു. ബില്ലിൻമേൽ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ സ്പീക്കർ ആവശ്യം നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം അംഗങ്ങൾ ഇറങ്ങിപ്പോയി. ശേഷം ബില്ല് ശബ്ദവോട്ടോടെ പാസാക്കി. ബില്ലിനെ വിമർശിച്ച് ഡോ. കീർത്തി ഭാരതി ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകർ രംഗത്തുവന്നിരുന്നു. ചില ജാതികളെ തൃപ്തിപ്പെടുത്താനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് കീർത്തി ഭാരതി കുറ്റപ്പെടുത്തി.

Eng­lish sum­ma­ry: Child mar­riage: Gov­ern­ment of Rajasthan pass­es com­pul­so­ry reg­is­tra­tion bill

you may also like this video

Exit mobile version