Site iconSite icon Janayugom Online

കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ ഭയം ; ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ വാക്കുകള്‍ വേദനിപ്പിച്ചതായി കരോള്‍ സംഘത്തിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍

പുതുശ്ശേരിയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിനുനേരെ ആക്രമമുണ്ടായതിനു പിന്നാലെ കുട്ടികള്‍ സ്കൂളില്‍ പോകാന്‍ പോലും ഭയക്കുന്നുണ്ടെന്ന് രക്ഷിതാക്കള്‍.സംഭവത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍ നടത്തിയ പ്രസ്താവന കുട്ടികളെയും തങ്ങളെയും വേദനിപ്പിച്ചെന്നും പരാതി നല്‍കുന്നത് ആലോചിക്കുമെന്നും രക്ഷിതാക്കള്‍ പറഞ്ഞു.അധ്യാപകരും കൂട്ടുകാരും തങ്ങളെ എങ്ങനെ കാണുമെന്ന് കുട്ടികൾക്ക് ഭയമുണ്ട്. 

ആറും ഏഴും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ മദ്യപിക്കുമെന്നൊക്കെ പറയുന്നത് ശരിയാണോയെന്ന് പറയുന്നവർ ആലോചിക്കണം. ഇത് യുപി അല്ലെന്ന് പറയുന്നവർ മനസ്സിലാക്കണം സംഘത്തിലുണ്ടായിരുന്ന കുട്ടികളുടെ രക്ഷിതാക്കളായ ജയദേവൻ, അജീഷ്, ജിജു, രാജേഷ് എന്നിവർ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് കുരുടിക്കാട് സുരഭിനഗറിൽ പത്ത് സ്കൂൾ വിദ്യാർഥികളടങ്ങുന്ന കാരൾ സംഘത്തെ മദ്യപിച്ചെത്തിയ കാണാണ്ടിത്തറ സ്വദേശി അശ്വിൻരാജ് (24) തടഞ്ഞുനിർത്തി മർദിച്ചത്. കാപ്പ നടപടി നേരിട്ടിരുന്ന ഇയാളെ പോലീസ് അന്നുതന്നെ അറസ്റ്റുചെയ്ത് റിമാൻഡ്ചെയ്തു. അശ്വിൻരാജ് ബിജെപിക്കാരനാണെന്നും ബാൻഡിൽ സിപിഐ(എം) എന്ന് എഴുതിയത് കണ്ടതിനാലാണ് മർദിച്ചതെന്നും സിപിഐ(എം) പ്രാദേശിക നേതൃത്വം ആരോപിച്ചിരുന്നു. ഇതിൽ വിശദീകരണം നൽകുന്നതിനിടെയാണ്, മദ്യപിച്ച് സിപിഐ(എം) ഏരിയ കമ്മിറ്റിയുടെ ബാൻഡ് സെറ്റുമായി പോകുന്നവരെ കാരൾ സംഘമായിട്ടാണോ കാണേണ്ടതെന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാർ ചോദിച്ചത്. പിന്നീട് കൃഷ്ണകുമാർ പ്രസ്താവന തിരുത്തിയിരുന്നു. 

Exit mobile version