Site iconSite icon Janayugom Online

‘പ്രളയമല്ല അതിനപ്പുറവും ചാടിക്കടക്കും’; ദുരന്തം അതിജീവിക്കാൻ വാഴൂരിലെ കുട്ടികൾ സജ്ജം

കാലാവസ്ഥ വ്യതിയാനം മൂലം സംഭവിക്കുന്ന ദുരന്തങ്ങളെ അതിജീവിക്കുന്നതിന് വാഴൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ‘സജ്ജം പരിശീലന പദ്ധതി’ ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ അടിയന്തരഘട്ടങ്ങളെ ഏത് രീതിയിൽ നേരിടണം എന്നത് സംബന്ധിച്ച് കുട്ടികളെ പഠിപ്പിക്കുകയും കുട്ടികളിലൂടെ സമൂഹത്തെ ബോധവൽക്കരിക്കുകയും ആണ് പദ്ധതിയുടെ ലക്ഷ്യം.

കാലാവസ്ഥാ വ്യതിയാനം, ദുരന്തത്തെ അതിജീവിക്കാനുള്ള മാർഗങ്ങൾ, സർക്കാർ സംവിധാനങ്ങളെ ദുരന്തങ്ങളിൽ ഉപയോഗപ്പെടുത്തേണ്ട രീതി, കുട്ടികളുടെ അവകാശങ്ങൾ എന്നിവയെല്ലാമാണ് സജ്ജം പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കളികളിലൂടെയും കലാപ്രവർത്തനങ്ങളിലൂടെയും കുട്ടികളെ ബോധവൽക്കരിക്കുകയും പരിശീലനം പൂർത്തിയാക്കുന്ന കുട്ടികൾ വീടുകൾ തോറും കയറി ദുരന്തനിവാരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുകയും ചെയ്യുന്ന നിലയ്ക്കാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

പരിശീലനത്തിന്റെ ആദ്യഘട്ടം ഞായർ,തിങ്കൾ ദിവസങ്ങളിലായി വാഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പൂർത്തിയായി. 50 കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം ലഭിച്ചത്.പരിശീലനം വാഴൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംം സമിതി അധ്യക്ഷ ഡി സേതുലക്ഷ്മിയും സമാപന സമ്മേളനം വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി റെജിയും ഉദ്ഘാടനം ചെയ്തു.

Eng­lish Sum­ma­ry: Chil­dren of Vazhur are ready to sur­vive the disaster

You may also like this video

Exit mobile version