Site iconSite icon Janayugom Online

സ്വാതന്ത്ര്യദിനത്തിലെ കുട്ടികള്‍

editorialeditorial

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ രാജ്യം ദേശീയ പതാക ഉയര്‍ത്തിയും വിവിധ പരിപാടികളോടെയും ആഘോഷാരവമുയര്‍ത്തുമ്പോള്‍ രണ്ടു കുട്ടികള്‍ നമ്മെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. സ്വാതന്ത്ര്യദിനാഘോഷം ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ കുട്ടികളുടേതാണ്. സ്കൂളുകളിലും പൊതുസംഘടനകള്‍ നടത്തുന്ന പരിപാടികളിലും നാം പ്രാമുഖ്യം നല്കാറുള്ളത് കുട്ടികള്‍ക്കാണ്. കലാപരിപാടികളും ഘോഷയാത്രകളും നിറയുന്നത് കുട്ടികളുടെ പങ്കാളിത്തംകൊണ്ടാണ്. അവിടെയാണ് ആ രണ്ടു കുട്ടികള്‍ വന്നുനില്ക്കുന്നത്. ഇരുവരും സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലും നാമെത്തിയിട്ടില്ലാത്ത ഔന്നത്യത്തെയാണ് വിളിച്ചോതുന്നത്, അല്ലെങ്കില്‍ അധഃപതനത്തെയാണ് അടയാളപ്പെടുത്തുന്നത്.


ഇതുകൂടി വായിക്കൂ: ജനതയുടെ സ്വാതന്ത്ര്യം പുലരട്ടെ


ജഡമായി കിടക്കുമ്പോഴും രാജസ്ഥാനിലെ കുട്ടിയുടെ കണ്ണുകളില്‍ രോഷം തിളയ്ക്കുന്നുണ്ടായിരുന്നു. മറ്റൊരു കുട്ടി ഇങ്ങ് കേരളത്തില്‍ നിന്ന് നമുക്ക് മുന്നില്‍ സ്വാതന്ത്ര്യദിനത്തിലെ പ്രസംഗമായി അവതരിപ്പിച്ച വാക്കുകളില്‍ നിരാശയായിരുന്നില്ല രാജ്യത്തിന്റെ വര്‍ത്തമാന അവസ്ഥയാണ് മുഴച്ചുനിന്നത്. തിങ്കളാഴ്ച, സ്വാതന്ത്ര്യദിനത്തില്‍ തൊട്ടടുത്ത സ്കൂളിലെ കുട്ടികള്‍ ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മധുരവും നുണഞ്ഞ് വീട്ടിലേയ്ക്ക് തിരികെ പോകുമ്പോള്‍ രാജസ്ഥാനിലെ സയ്‌ല ഗ്രാമത്തിലെ ഒരു വീട്ടില്‍ ഇന്ദ്ര മേഘ്‌വാള്‍ എന്ന ഒമ്പതുവയസുകാരന്റെ ചിതയില്‍ തീയണഞ്ഞിരുന്നില്ല. സ്കൂളിലെ കുടിവെള്ള പാത്രത്തില്‍ സ്പര്‍ശിച്ചുവെന്ന കുറ്റത്തിന് മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ച ബാലന്റെ പേരായിരുന്നു ഇന്ദ്രയെന്നത്. ജൂലൈ 20 നാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്. കണ്ണുകള്‍ ചുവന്ന് തുടുത്ത് കിടക്കുന്ന കുട്ടിയുടെ ചിത്രങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. കണ്ണ്, ചെവി എന്നിവിടങ്ങളില്‍ നിന്ന് രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇന്ദ്ര അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെവച്ചാണ് ശനിയാഴ്ച കുട്ടി മരിക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ വിവിധ ആശുപത്രികളില്‍ മാറി മാറി ചികിത്സിച്ച ശേഷമാണ് അഹമ്മദാബാദിലെ ആശുപത്രിയിലെത്തിക്കുന്നത്. അതിനിടെ കുട്ടിയെ മര്‍ദ്ദിച്ചുവെന്ന് ആരോപിക്കപ്പെടുന്ന അധ്യാപകന്‍ ചയില്‍ സിങ് ഉള്‍പ്പെടുന്ന രജപുത് എന്ന സവര്‍ണ വിഭാഗത്തില്‍പ്പെട്ടവര്‍ കുട്ടിയുടെ ബന്ധുക്കളെ സ്വാധീനിക്കുന്നതിന് ശ്രമിച്ചുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ലക്ഷങ്ങളായിരുന്നു ഒത്തുതീര്‍പ്പ് ധനമായി വാഗ്ദാനം ചെയ്തത്. അതേസമയം ജാതി വെറിയുടെ ഫലമായല്ല കുട്ടിയുടെ മരണത്തിലേയ്ക്ക് നയിച്ച സംഭവമുണ്ടായതെന്ന് വ്യാപകമായ പ്രചരണം ഒരുവിഭാഗം അഴിച്ചുവിടുന്നുണ്ട്. സംഭവം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി പരിണമിക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.


ഇതുകൂടി വായിക്കൂ: സ്വാതന്ത്ര്യം അർദ്ധരാത്രിയായ് തുടരുമ്പോൾ


സ്വാതന്ത്ര്യദിനത്തില്‍ നമ്മുടെ മുന്നില്‍ ചോദ്യചിഹ്നമായി വന്നുനില്ക്കുന്ന മറ്റൊരു കുട്ടി, രണ്ടുവര്‍ഷത്തോളമായി ഉത്തര്‍പ്രദേശിലെ ജയിലില്‍ യുഎപിഎ കുറ്റം ചുമത്തി തടവില്‍ കഴിയുന്ന സിദ്ദീഖ് കാപ്പനെന്ന മാധ്യമപ്രവര്‍ത്തകന്റെ മകളാണ്. ബലാത്സംഗത്തിനിരയായ ശേഷം നിഷ്ഠുരമായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണുന്നതിന് പുറപ്പെട്ട സിദ്ദീഖ് കാപ്പന്‍ 2020 ഒക്ടോബറിലാണ് യുപിയിലെ ജയിലിലാകുന്നത്. ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്‍ത്ത് ഇരുട്ടുമുറിയില്‍ കഴിയുവാന്‍ നിര്‍ബന്ധിക്കപ്പെട്ട സിദ്ദീഖ് കാപ്പനെന്ന മാധ്യമപ്രവര്‍ത്തകന്റെ മകളാണ് താന്‍ എന്ന് പരിചയപ്പെടുത്തിയാണ് മെഹ്സിന കാപ്പനെന്ന പെണ്‍കുട്ടി തന്റെ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ വേദിയില്‍ പ്രസംഗം തുടങ്ങുന്നത്. അവള്‍ പിന്നീട് പഠിച്ച് പറഞ്ഞതില്‍ ഒരു വാക്കില്‍പോലും ദേശദ്രോഹമുണ്ടായിരുന്നില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതി മരിച്ചവരുടെ പേരുകള്‍ എണ്ണിപ്പറ‍ഞ്ഞും നാം നേടേണ്ട നന്മകള്‍ എടുത്തുകാട്ടിയും കൈമോശംവരാതെ കാത്തുസൂക്ഷിക്കേണ്ട മഹത്വങ്ങളെ ചൂണ്ടിപ്പറഞ്ഞും അവള്‍ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ നിറഞ്ഞ കയ്യടി നല്കുമ്പോഴും നമ്മുടെ മുന്നില്‍ സിദ്ദീഖ് കാപ്പന്‍മാര്‍ ചോദ്യമായുയര്‍ന്നുവരുന്നു. ദേശദ്രോഹികളെന്ന് മുദ്ര കുത്തിയും എതിരഭിപ്രായങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ കള്ളക്കേസുകള്‍ ചുമത്തിയും വര്‍ഷങ്ങളായി ജയിലുകളില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകരുടെയും സാമൂഹ്യ — രാഷ്ട്രീയ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും മക്കളുടെ വിളിപ്പേരായാണ് മെഹ്സിന ഈ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിന് മുന്നില്‍ ചോദ്യചിഹ്നമായി നില്ക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ നന്മയുടെ നാനാര്‍ത്ഥങ്ങള്‍ക്കിടയില്‍ ഈ കുട്ടികളുമുണ്ടെന്നതാണ് വര്‍ത്തമാന ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി. പട്ടിണിയും നിരക്ഷരതയും ജാതിവെറിയും പൗരാവകാശ നിഷേധവും നിറഞ്ഞ ഇന്ത്യയുടെ പ്രതിനിധികള്‍. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിന്റെ നിലനില്പിനായുള്ള പോരാട്ടങ്ങള്‍, തുടരേണ്ടതുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് — ഒരാള്‍ മരിച്ചും മറ്റൊരാള്‍ സംസാരിച്ചും — ഈ രണ്ടു കുട്ടികളും മുന്നോട്ടുവയ്ക്കുന്നത്. ആഘോഷങ്ങളുടെ പൊലിമയില്‍ ഈ യാഥാര്‍ത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്.

You may also like this video;

Exit mobile version