Site iconSite icon Janayugom Online

ചൈനയുടെ മെഗാ ജല വൈദ്യുത പദ്ധതി ഇന്ത്യയുടെ ജല സുരക്ഷയ്ക്ക് ഭീഷണി

യാര്‍ലുങ് സാങ്‌പോ നദിയില്‍ ചൈന ആരംഭിക്കാനിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി അരുണാചല്‍ പ്രദേശിലും അസ്സമിലും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അരുണാചല്‍ മുഖ്യമന്ത്രി പ്രേമ ഖണ്ഡു.

യാര്‍ലുങ് സാങ്‌പോ നദി അരുണാചല്‍ പ്രദേശിലെത്തുമ്പോള്‍ സിയാങ് ആയും ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് അസ്സമില്‍ ബ്രഹ്‌മപുത്ര ആയും ഒഴുകുന്നു.

പദ്ധതി പ്രാവര്‍ത്തികമായാല്‍ താഴേക്ക് ഒഴുകുന്ന നദിയുടെ അളവും സമയവും നിയന്ത്രിക്കാന്‍ ചൈനയ്ക്ക് സാധിക്കും. ഇത് വരള്‍ച്ച കാലങ്ങളിലും നദിയുടെ ഒഴുക്ക് കുറയുന്ന സമയങ്ങളിലും സംസ്ഥാനങ്ങളില്‍ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഖണ്ഡു ചൂണ്ടിക്കാട്ടി.

അണക്കെട്ടില്‍ നിന്ന് പെട്ടന്ന് വെള്ളം തുറന്ന് വിടുന്നത് പ്രളയത്തിന് കാരണമാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ചൈന യാര്‍ലുങ് സാങ്‌പോ നദിയില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ അത് അരുണാചല്‍ പ്രദേശ്, അസ്സാം, ബംഗ്ലാദേശ് എന്നിവടങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജലസുരക്ഷ, പരിസ്ഥിതി, ജനജീവിതം എന്നിവയ്ക്ക് കാര്യമായ തടസ്സം സൃഷ്ടിക്കും. ജലത്തിന്റെ ഒഴുക്കിലുണ്ടാകുന്ന തടസ്സം, വെള്ളപ്പൊക്കം, ആവാസവ്യവസ്ഥയിലുണ്ടാകുന്ന തകര്‍ച്ച എന്നിവ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version