Site iconSite icon Janayugom Online

ഇന്ത്യയിലേക്ക് രാസവളങ്ങളും ഭൌമധാതുക്കളും വിതരണം ചെയ്യും; നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി

ഇന്ത്യയിലേക്ക് രാസവളങ്ങളും അപൂർവ ഭൌമധാതുക്കളും വിതരണം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ചൈന സമ്മതിച്ചതായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് വാങ് യി ഇക്കാര്യം അറിയിച്ചത്. 

ഇന്നലെ ഇരുവിദേശകാര്യ മന്ത്രിമാരും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യ ഈ വിഷയം ഉന്നയിച്ചതിനെത്തുടർന്നാണ് ചൈനയുടെ പുതിയ നീക്കം.

ദ്വിദിന സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് വാങ് യി ഇന്ത്യയിലെത്തിയത്.

ഇന്ത്യയുടെ മൂന്ന് പ്രധാന ആശങ്കകൾ പരിഹരിക്കുമെന്ന് ചൈന വാഗ്ദാനം നൽകിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് വളവും അപൂർവ ഭൗമധാതുക്കളും തുരങ്കനിർമാണത്തിനുള്ള വൻകിട യന്ത്രങ്ങളും നൽകുന്നത് പുനഃരാരംഭിക്കാൻ ചൈന തയാറാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാക്ക് നൽകിയതായും വൃത്തങ്ങൾ പറയുന്നു.

ഇലക്ട്രിക് വാഹനങ്ങൾ (ഇവി), ഡ്രോണുകൾ, ബാറ്ററി സംഭരണം എന്നിവയുൾപ്പെടെയുള്ള ഉയർന്ന നിലവാരമുള്ള സാങ്കേതിക ഉൽപ്പന്നങ്ങൾക്ക് അപൂർവ ധാതുക്കൾ അത്യാന്താപേക്ഷിതമായി കണക്കാക്കപ്പെടുന്നു. ആഗോള തലത്തിൽ ധാതുക്കളുടെ വിതരണ ശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് ചൈന. 

കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിലെ (എൽഎസി) അതിർത്തി പ്രദേശങ്ങളിൽ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ നാലുവർഷമായി ഏറ്റുമുട്ടൽ നിലനിൽക്കുന്നതിനാൽ, സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികൾ മുന്നോട്ട് കൊണ്ടുപോകണമെന്നും ജയ്ശങ്കർ ആവശ്യപ്പെട്ടു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അതിർത്തി പ്രശ്‌നത്തിൽ പ്രത്യേക പ്രതിനിധികളുടെ (എസ്ആർ) പുതിയൊരു ചർച്ച നടത്തുന്നതിനായാണ് ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തിയത്.

ചൊവ്വാഴ്ച നടക്കുന്ന സൈനിക‑രാഷ്ട്രീയ ചർച്ചകളിൽ, എൽ‌എസിയുടെ മൊത്തത്തിലുള്ള സ്ഥിതി അവലോകനം ചെയ്യുന്നതിനൊപ്പം ആത്മവിശ്വാസം വളർത്തുന്ന പുതിയ നടപടികളെക്കുറിച്ച് ഇരുപക്ഷവും ആലോചിക്കുമെന്നാണ് പ്രതീക്ഷ.

Exit mobile version