Site iconSite icon Janayugom Online

ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദർശനം ഇന്ന്; എസ് ജയശങ്കറുമായി നിർണായക കൂടിക്കാഴ്ച

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുടെ ദ്വിദിന ഇന്ത്യാ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും. 

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉത്പ്പന്നങ്ങളുടെ തീരുവ 50 ശതമാനം ഇരട്ടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യ യുസ് ബന്ധത്തിൽ വിള്ളലുകൾ വർധിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ സന്ദർശനം എന്നതും നിർണായകമാണ്. 

വാങ് യിയുടെ ഇന്ത്യാ സന്ദർശനത്തിൽ ഇരു രാജ്യങ്ങളുടെയും അതിർത്തികളിൽ സമാധാനം നിലനിർത്താനുള്ള ചർച്ചകളും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനയിലേക്ക് സന്ദർശനം നടത്തുന്നുണ്ട്. 

അതിർത്തി പ്രശ്നവുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി പ്രത്യേക പ്രതിനിധികളുടെ ചർച്ച നടത്താനാണ് വാങ് യി പ്രധാനമായും ഇന്ത്യയിലെത്തുന്നത്. 

ഇന്ന് വൈകിട്ട് 4.15ഓടെ ചൈനീസ് വിദേശകാര്യമന്ത്രി ഡൽഹിയിലെത്തും. വൈകിട്ട് 6 മണിക്കാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ഉഭയകക്ഷി ചർച്ച നടക്കുക. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് അജിത് ഡോവലുമായുള്ള ചർച്ച നടക്കുക. 

Exit mobile version