യഥര്‍ത്ഥ നിയന്ത്രണരേഖ കടന്നുള്ള ചൈനീസ് കടന്നുകയറ്റം പ്രതിരോധിക്കാന്‍ പാംഗോങ് നദിക്കരയില്‍ റോഡ് നിര്‍മ്മിച്ച് ഇന്ത്യ. പാംഗോങ് നദിക്ക് വലതുവശത്താണ് തന്ത്രപ്രധാനമായ റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നത്. മേഖലയിലെ സൈനിക കേന്ദ്രവുമായി സുഗമമായ ബന്ധം സ്ഥാപിക്കാനും അതുവഴി ചൈനീസ് കടന്നുകയറ്റം തടയാനും ലക്ഷ്യമിട്ടാണ് റോഡ് നിര്‍മ്മാണം.
ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ആണ് ലുകുങ് മുതല്‍ ചാര്‍സെ വരെ 38 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നത്. ഇതുവഴി പാംഗോങിലേക്കുള്ള ദുരം കുറയ്ക്കാനും സാധിക്കും. കാലാവസ്ഥ മോശമാകുന്നതിനനുസരിച്ച് പ്രദേശത്തേക്ക് സൈനികരെ എത്തിക്കുക ഏറെശ്രമകരമായിരുന്നു. ഇതു കണക്കിലെടുത്താണ് ബിആര്‍ഒ റോഡ് നിര്‍മ്മാണ പദ്ധതിയുമായി മുന്നോട്ടുവന്നത്. ഈമാസം എട്ടിനാണ് നിര്‍മ്മാണത്തിനുള്ള കരാര്‍ ബിആര്‍ഒ പുറത്തുവിട്ടതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 154 കോടി രൂപ ചെലവഴിച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ദേശീയപാതാ അതോറിറ്റി മാനദണ്ഡം അനുസരിച്ചാണ് റോഡ് നിര്‍മ്മിക്കുക. ഭാരവാഹനങ്ങളും സൈനിക ട്രക്കുകളും വഹിക്കാന്‍ ശേഷിയുളള തരത്തിലാവും നിര്‍മ്മാണം. പാന്‍ഗോങ് മേഖലയിലെ ലുകുങ് ഗ്രാമത്തിലെ ഫിങ്ങര്‍ ഒന്ന് പോസ്റ്റില്‍ നിന്നും ചാര്‍സെയിലെ ഫിങ്ങര്‍ രണ്ട് പോസ്റ്റിലേക്ക് ഒന്നര മണിക്കൂര്‍ യാത്ര വേണ്ടിവരുന്ന സാഹചര്യം പുതിയ റോഡ് വരുന്നതോടെ 30 മിനിറ്റായി കുറയുമെന്ന് മുന്‍ സൈനിക ഓഫിസര്‍ പറഞ്ഞു. പാംഗോങ് നദിക്കരയിലെ വലതുഭാഗത്താണ് ഇന്ത്യന്‍ സൈനിക പോസ്റ്റുള്ളത്. അതിര്‍ത്തി കടന്നുള്ള ചൈനീസ് കടന്നുകയറ്റവും അനധികൃതമായി ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്ന നീക്കവും ഫലപ്രദമായി തടയാന്‍ സാധിക്കുന്നവിധത്തിലാണ് ഇന്ത്യയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
English Summary: India Builds Strategic Roads On The Right Side Of The Pangong Lake Near LAC
You may also like this video