Site iconSite icon Janayugom Online

ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറി

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ദേശീയ കൗൺസിൽ അംഗം ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. നിലവിൽ ഡെപ്യൂട്ടി സ്പീക്കറാണ്. കൊല്ലം ജില്ലയിലെ പനയം വില്ലേജിൽ ചിറ്റയം കാട്ടുവിള പുത്തൻ വീട്ടിൽ ടി ഗോപാലകൃഷ്ണന്റെയും ടി കെ ദേവയാനിയും മകനായി കർഷക തൊഴിലാളി കുടുംബത്തിൽ 1965 ൽ ജനിച്ചു. അഞ്ചാലും മൂട്, കൊട്ടാരക്കര എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കൊട്ടാർക്കര സെന്റ് ഗ്രീഗോറിയസ് കോളജിൽ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായി വിദ്യാർത്ഥി രാഷ്ട്രീയം ആരംഭിച്ചു. അതിനു മുമ്പ് ബാലവേദി പ്രവർത്തനം തുടങ്ങി. എഐഎസ്എഫ് കൊട്ടാരക്കര താലൂക്ക് സെക്രട്ടറി, കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാനകമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടർന്ന് എഐവൈഎഫിലും എഐടിയുസിയിലും പ്രവർത്തനം ആരംഭിച്ചു. 

കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാനകമ്മിറ്റി അംഗം, ദേശീയ കൗൺസിൽ അംഗം, എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം, കശുവണ്ടി തൊഴിലാളി യൂണിയന്‍ കേന്ദ്ര കൗൺസിൽ സംസ്ഥാന സെക്രട്ടറി, ആശാവർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, പട്ടികജാതി വികസന കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ പ്രസിഡന്റ്, കെടിഡിസി എംപ്ലോയിസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കലാസാംസ്കാരിക സംഘടനയായ ഇപ്റ്റ’, യുവകലാസാഹിതി എന്നീ സംഘടനകളിലും ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് അടൂർ എന്ന സംഘനയുടെ രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

1995 ൽ കൊട്ടാരക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2008 ൽ കേരള സ്റ്റേറ്റ് കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായിരിക്കെയാണ് 2011 ൽ അടൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി വന്നത്. അന്ന് 607 വോട്ടിന് വിജയിച്ചു. 2016 ൽ വീണ്ടും 25,640 വോട്ടിൽ വിജയിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 2,909 വോട്ടിനും വിജയിച്ചു. റിട്ട കര്‍ഷകതൊഴിലാളി ക്ഷേമനിധി ഓഫീസര്‍ സി ഷെർളി ബായി ആണ് ഭാര്യ. അമൃത എസ് ജി (ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് ലക്ച്ചറർ‑സെന്റ് സിറിൾസ് കോളജ്, അടൂർ). അനുജ എസ്ജി (എൽ എൽ ബി വിദ്യാർത്ഥി തിരുവനന്തപുരം ഗവ: ലോ കോളജ്) എന്നിവര്‍ മക്കള്‍.

Exit mobile version