ചൊക്രമുടിയിലെ ഭൂമി കയ്യേറ്റവും അനധികൃത നിർമ്മാണങ്ങളും അവസാനിപ്പിക്കാൻ റവന്യൂ വകുപ്പും ഗവൺമെന്റും സത്വര നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഇപ്പോഴത്തെ വിവാദങ്ങൾ ഭൂമാഫിയയെ സംരക്ഷിക്കാനാണെന്നും സിപിഐ ജില്ലാ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.
ജില്ലയിലെ മുഴുവൻ ഭൂമി കയ്യേറ്റങ്ങളും ഒഴിപ്പിക്കണം എന്ന കർശന നിലപാടാണ് സി പി ഐ ജില്ലാ കൗൺസിലിനുള്ളത്. ജില്ലയിലെ ഭൂമി കയ്യേറ്റങ്ങളിൽ പ്രതിപട്ടികയിലുള്ളത് യൂഡിഎഫ്കാരും കോൺഗ്രസ്സുകാരുമാണ്. ഭൂമികയ്യേറ്റക്കാരും അവരെ സഹായിക്കുന്നവരുമായി സിപിഐയെ ചിത്രീകരിക്കാൻ പ്രതിപക്ഷ നേതാവ് നടത്തുന്ന ശ്രമങ്ങൾ രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ചുള്ളതും ഭൂമാഫിയയെ സംരക്ഷിക്കാനുമാണ്. ജില്ലാ സെക്രട്ടറിയെയും, റവന്യൂ മന്ത്രിയെയും വ്യക്തിപരമായി കുറ്റക്കാരാക്കാൻ വി ഡി സതീശന്റെ പക്കൽ എന്ത് തെളിവാണുള്ളത്? യാതൊരു അടിസ്ഥാനങ്ങളുമില്ലാത്ത ഈ ആരോപണങ്ങൾക്ക് വി ഡി സതീശൻ മറുപടി നൽകേണ്ടി വരും.
ജില്ലയിലെ ഭൂമാഫിയകളും, റിയൽ എസ്റ്റേറ്റ് മാഫിയകളും, സർക്കാർ ഭൂമി കയ്യേറാൻ നടത്തിയ എല്ലാ ശ്രമങ്ങളെയും ചെറുത്ത് തോൽപ്പിച്ച പാർട്ടിയാണ് സിപിഐ. പാപ്പാത്തിച്ചോലയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ച് നടത്തിയ കയ്യേറ്റത്തെ ന്യായീകരിക്കാൻ പല ഉന്നതരും രാഷ്ട്രീയ പാർട്ടികളും ശ്രമിച്ചപ്പോൾ ഈ കയ്യേറ്റ ഭൂമി തിരിച്ച് പിടിക്കാൻ രാഷ്ട്രീയ നിലപാട് സ്വീകരിച്ചത് സിപിഐയും അന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുമാണ്.
അടിമാലിയിൽ നിന്നും ഒരു ജില്ലാ കൗൺസിലംഗം — ജില്ലാ സെക്രട്ടറി, സംസ്ഥാന കൗൺസിലംഗം, മണ്ഡലം സെക്രട്ടറി, എന്നിവർക്കെതിരെ പരാതി നൽകി എന്ന് പത്രമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത ഗൂഡോദ്ദേശത്തിന്റെ ഭാഗമാണ്. കമ്മ്യൂണിസ്റ്റ് സംഘടനാ രീതിയനുസരിച്ച് പാർട്ടി നേതൃത്വത്തിന് ഏതൊരാൾക്കും പരാതി നൽകാം. പത്ര മാധ്യമങ്ങളിൽ പ്രസദ്ധീകരിക്കുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പ്രവർത്തനം നടത്തുന്ന പാർട്ടിയല്ല സിപിഐ. മാധ്യമ വിചാരണയിലും ഗൂഢാലോചനയിലും സി പി ഐ നേതാക്കളെയും മന്ത്രിയെയും പ്രതി പട്ടികയിൽ ചേർക്കേണ്ട എന്നും ജില്ലാ നേതൃത്വം പത്രക്കുറിപ്പിൽ പറഞ്ഞു.
ഏത് ആരോപണങ്ങളെയും ജില്ലയിലെ പാർട്ടി ഒറ്റക്കെട്ടായി നേരിടും. ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. റവന്യൂ മന്ത്രിയുടെ നിർദ്ദേശാനുസരണം ജില്ലാ ഭരണകൂടം നിയോഗിച്ച അന്വേഷണ സംഘവും, വിജിലൻസും. സ്പെഷ്യൽ ടീമും ചൊക്രമുടി ഭൂമി വിവാദം അന്വേഷിച്ച് വരികയാണ്. അന്വേഷണത്തെ വഴിതിരിച്ച് വിടുവാൻ ആരും ശ്രമിക്കേണ്ട. ഏത് ഉന്നതനായാലും ഭൂമാഫിയയെ വാഴുവാൻ വിടില്ല എന്ന നിലപാട് അസന്നിഗ്ധമായി റവന്യൂ മന്ത്രി കെ രാജൻ പ്രസ്താവിച്ചിട്ടുണ്ട്.
ഭൂമികയ്യേറ്റത്തിനോ റിയൽ എസ്റ്റേറ്റ് ഇടപാടുകാർക്കോ വേണ്ടി ഭരണപരമായോ, രാഷ്ട്രിയമായോ ഒരു വിധ സഹായവും സിപി ജില്ലാ നേതൃത്വവും, റവന്യൂ ഓഫീസും ചെയ്തിട്ടില്ല. ജില്ലയിലെ ഭൂമി സംബന്ധമായ വിവാദങ്ങൾ പ്രദേശത്തെ യഥാർത്ഥ കൃഷിക്കാരുടെ പട്ടയ വിതരണത്തെ തടസ്സപ്പെടുത്താനേ കഴിയൂ എന്നും ജില്ലാ കൗൺസിൽ പത്രക്കുറിപ്പിൽ പറഞ്ഞു.