Site iconSite icon Janayugom Online

ഉന്നതാധികാര സമിതിയോഗത്തിലും ചൂരല്‍മലയ്ക്ക് പണമില്ല

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയോഗത്തിലും ചൂരല്‍മലയ്ക്ക് പ്രത്യേക സഹായമില്ല. പ്രകൃതി ദുരന്തങ്ങളുടെ അപകട സാധ്യത കുറയ്ക്കാനും അവയെ നേരിടുന്നതിനുള്ള കാര്യക്ഷമതാ പദ്ധതികള്‍ക്കുമായി 15 സംസ്ഥാനങ്ങള്‍ക്ക് 1,115.67 കോടി രൂപ അനുവദിച്ചതില്‍ 72 കോടി രൂപ മാത്രമാണ് കേരളത്തിന് ലഭിക്കുക. വയനാട്ടിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേരളം സമര്‍പ്പിച്ച അപേക്ഷകളുമായി ഈ പ്രഖ്യാപനത്തിന് ബന്ധവുമില്ല. ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് നാലുമാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്. പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സംസ്ഥാനങ്ങളെ സജ്ജമാക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനം. ഇതുപ്രകാരം ഏതുതരത്തില്‍ തുക വിനിയോഗിക്കണമെന്നു നിര്‍ദേശം ലഭിച്ചാല്‍ മാത്രമേ വിനിയോഗം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയൂ. 

എന്‍ഡിഎംആര്‍എഫില്‍ നിന്ന് ഉള്‍പ്പെടെ ബജറ്റ് വിഹിതത്തിന്റെ നാമമാത്രമാണ് ഉന്നതാധികാര സമിതി സംസ്ഥാനങ്ങള്‍ക്കായി നിശ്ചയിച്ചു നല്‍കിയിരിക്കുന്നത്. സമിതിയില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍, നിതി ആയോഗ് വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളാണ്. അന്തര്‍ മന്ത്രാലയ സമിതി റിപ്പോര്‍ട്ട് പരിശോധിച്ച് ചൂരല്‍മലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസമായിരുന്നു നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചിരുന്നത്. എന്നിട്ടും ഇന്നലത്തെ യോഗത്തില്‍ തീരുമാനമുണ്ടായില്ല.
ഉത്തരാഖണ്ഡിനും ഹിമാചല്‍ പ്രദേശിനും 139 കോടി വീതം, എട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി 378, മഹാരാഷ്ട്ര 100, കര്‍ണാടക 72, തമിഴ്‌നാട് 50, പശ്ചിമ ബംഗാള്‍ 50 കോടി രൂപ വീതം നല്‍കാനാണ് തീരുമാനമെടുത്തത്. എന്‍ഡിആര്‍എംഎഫ് (ദേശീയ ദുരന്ത നിവാരണ മാനേജ്‌മെന്റ് ഫണ്ട്), ദേശീയ ദുരന്ത ലഘൂകരണ ഫണ്ട് (എന്‍ഡിഎംഎഫ്) എന്നിവയില്‍ ഉള്‍പ്പെടുത്തി ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ പരിശീലനത്തിനായുള്ള പുതിയ നിര്‍ദേശത്തിനും ഉന്നതാധികാര സമിതി അംഗീകാരം നല്‍കിയിട്ടുണ്ട്.
അതതു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ കേന്ദ്രം നല്‍കുന്ന എസ്ഡിആര്‍എഫ് വിഹിതവും, എന്‍ഡിആര്‍എഫ് വിഹിതവും അപര്യാപ്തമാകുന്നതോടെയാണ് കേന്ദ്ര സഹായത്തിനായി സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിക്കുക. പക്ഷേ, രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഒലിച്ചുപോയാലും പ്രകൃതി ദുരന്തങ്ങള്‍ക്ക് കാലണ അധികം നല്‍കില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

Exit mobile version