ചെറുപ്പക്കാരിൽ വരെ ഇപ്പോൾ വാതരോഗങ്ങൾ വ്യാപകമായി കണ്ടുവരുന്നുണ്ടെന്നും നേരത്തേയുള്ള രോഗനിർണയത്തിന് പ്രാധാന്യമേറെയാണെന്നും വാതരോഗവിദഗ്ധരുടെ സൗത്ത് ഇന്ത്യ കോൺഫറൻസ് ‘സിറാക്കോൺ 23’ അഭിപ്രായപ്പെട്ടു.
ജനിതകമാറ്റം മൂലമുള്ള വാതരോഗങ്ങൾ ഇപ്പോൾ കൂടുതലായി കണ്ടെത്തപ്പെടുന്നുണ്ട്. ത്വക്ക്, വൃക്ക, കണ്ണീർ ഗ്രന്ഥികൾ, ഉമിനീർ ഗ്രന്ഥികൾ തുടങ്ങി ശരീരത്തിന്റെ മറ്റ് അവയവങ്ങളേയും സന്ധിവാതം ഗുരുതരമായി ബാധിക്കുന്നു. രോഗനിർണയത്തിനുള്ള മാർഗങ്ങൾ ലഭ്യമാണെങ്കിലും ഇത് ചെലവേറിയതാണ്. ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് ചികിത്സാചെലവുകൾ കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ കോൺഫറൻസ് ചർച്ച ചെയ്തു. രോഗനിർണയത്തിനായി നിർമ്മിതബുദ്ധി ഉൾപ്പെടെയുള്ള ആധുനികമാർഗങ്ങളെല്ലാം ഉപയോഗിക്കേണ്ടതുണ്ടെന്നും കോൺഫറൻസ് ചൂണ്ടിക്കാട്ടി.
കാൻസറിന് ഉപയോഗിക്കുന്ന ‘കാർ ടി തെറാപ്പി’ സന്ധിവാതരോഗങ്ങൾക്കും പ്രയോജനകരമാണെന്ന് പഠനങ്ങൾ വരുന്നുണ്ട്. ശരീരകോശങ്ങൾ ശേഖരിച്ച് ആന്റിജനുകളെ രോഗത്തിനെതിരെ പ്രവർത്തിക്കാൻ പ്രാപ്തമാക്കി തിരികെ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്ന ചികിത്സാരീതിയാണിത്. പക്ഷേ ഈ ചികിത്സാരീതിയുടെ ചെലവ് സാധാരണക്കാർക്ക് താങ്ങാനാകുന്നതല്ലെന്നും ഇതിന്റെ ചെലവ് കുറയ്ക്കാനുള്ള മാർഗങ്ങൾ തേടേണ്ടതുണ്ടെന്നും കോൺഫറൻസ് ചൂണ്ടിക്കാട്ടി. റുമറ്റോളജിയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക സെഷനും നട്ടെല്ലിനെ ബാധിക്കുന്ന വിവിധ വാതരോഗങ്ങളുമായി ബന്ധപ്പെട്ട വിശദമായ ചർച്ചയും കോൺഫറൻസിന്റെ പ്രത്യേകതകളായിരുന്നുവെന്ന് ഓർഗനൈസിങ് സെക്രട്ടറി ഡോ. വിഷാദ് വിശ്വനാഥ് പറഞ്ഞു.
മൂന്നുദിവസം നീണ്ട കോൺഫറൻസ് ഇന്നലെ സമാപിച്ചു. ഡൽഹി അപ്പോളോ ആശുപത്രിയിലെ ഡോ. രോഹിണി ഹാൻഡ, ഏഷ്യാ പസഫിക് ലീഗ് എഗൻസ്റ്റ് റൂമാറ്റിസം പ്രസിഡന്റ് ഡോ. ദേബാശിഷ് ഡണ്ഡ, ചണ്ഡീഗഡ് പിജിഐ ഡോ. അമൻ ശർമ, വെല്ലൂർ സിഎംസിയിലെ ഡോ. ജോൺ മാത്യു, ഇന്ത്യൻ റുമാറ്റോളജി അസോസിയേഷൻ പ്രസിഡന്റ് ഡോ. ധർമാനന്ദ് തുടങ്ങിയവർ സെഷനുകൾ നയിച്ചു. കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി സംസ്ഥാനങ്ങളിൽ നിന്നായി 500ഓളം ഡോക്ടർമാർ കോൺഫറൻസിൽ പങ്കെടുത്തു.
English Sammury: South India Conference of Rheumatology ‘Ciracon 23’