Site iconSite icon Janayugom Online

സ്മാര്‍ട്ടാകാതെ സിറ്റികള്‍; എട്ട് വര്‍ഷം, സ്മാര്‍ട്ട് സിറ്റി പദ്ധതി ഇഴയുന്നു

നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടും മികച്ച ജീവിത നിലവാരം ഉറപ്പുവരുത്തുന്നതിനുമായി ആരംഭിച്ച സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതി സ്മാര്‍ട്ടാകതെ മുടന്തി നീങ്ങുന്നു. എട്ടുവര്‍ഷം മുമ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ച പല സ്മാര്‍ട്ട് സിറ്റി പദ്ധതികളും ലക്ഷ്യപ്രാപ്തി കൈവരിക്കാതെ ഇഴഞ്ഞ് നീങ്ങുകയാണ്. മുഴുവന്‍ പദ്ധതികളും യാഥാര്‍ത്ഥ്യമാകാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും.

ഐടി തലസ്ഥാനം എന്നറിയപ്പെടുന്ന ബംഗളൂരുവില്‍ അടക്കമുള്ള സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ ബാലാരിഷ്ടതകളില്‍ കിതയ്ക്കുകയാണ്. സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതി അനുസരിച്ച് ഉണ്ടാവേണ്ട വൈദ്യുതി-ശുദ്ധജലവിതരണം, ശൗചാലയം, മാലിന്യ നിര്‍മ്മാര്‍ജനം, പൊതുഗതാഗതം, ഐടി കണക്ടിവിറ്റി, ഇ ഗവേണന്‍സ്, ആരോഗ്യ‑വിദ്യാഭ്യാസം തുടങ്ങി പലകാര്യങ്ങളിലും രാജ്യത്തെ മിക്ക നഗരങ്ങള്‍ക്കും ഇതുവരെ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടില്ല.

സ്ഥലപരിമിതി, മുന്‍ഗണനാ ക്രമത്തിലെ വിവേചനം, കോവിഡ് ഭീഷണി വരുത്തി വച്ച കാലതാമസം എന്നിവയാണ് പല പദ്ധതികള്‍ക്കും വിഘാതം സൃഷ്ടിക്കുന്നത്. പദ്ധതി ചെലവിലെ വര്‍ധനവ്, ഭൂമിയേറ്റെടുക്കല്‍ തടസം, കോവിഡ് മൂലമുള്ള മന്ദഗതി, പ്രാദേശിക താല്പര്യം തുടങ്ങിയ വിഷയങ്ങളും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ വിജയം അസാധ്യമാക്കുന്നു. രാജ്യത്ത് പ്രത്യേക സാമ്പത്തിക മേഖലകളും നഗരങ്ങളുടെ പ്രത്യേകതയും അടിസ്ഥാനമാക്കിയാല്‍ സ്മാര്‍ട്ട് സിറ്റികള്‍ അവശ്യഘടകമാണോ എന്ന് പുനര്‍വിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചതായി സെന്റര്‍ ഫോര്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഡെമോക്രസി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ശ്രീകാന്ത് വിശ്വനാഥ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഫണ്ടില്‍ 88 ശതമാനം തുകയുടെ വിനിയോഗം നടന്നിട്ടുണ്ടെന്ന് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളമടക്കം 11 സംസ്ഥാനങ്ങള്‍ 90 ശതമാനത്തിലധികം തുക ഉപയോഗപ്പെടുത്തി. 2015 മുതല്‍ 2022 വരെയുള്ള സമയത്ത് പദ്ധതിക്കായി സംസ്ഥാനങ്ങളുടെ വിഹിതം 32,149 കോടി രൂപയാണ്. ഇതേ കാലയളവില്‍ 36,561 കോടി രൂപ കേന്ദ്ര വിഹിതമായും ചെലവഴിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 541 കോടി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ചെലവഴിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ വിഹിതം 587 കോടി രൂപയാണ്. ആന്ധ്രയിലെ കാക്കിനഡ, കര്‍ണാടകയിലെ ദാവന്‍ഗരെ, ബലെഗാവി, കൊല്‍ക്കത്തയിലെ ന്യൂടൗണ്‍ എന്നിവയാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ മുന്നിലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

22 നഗരങ്ങളില്‍ 25 ശതമാനം മാത്രം

2015ലാണ് രാജ്യത്തെ നൂറ് നഗരങ്ങളിലായി സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രഖ്യാപിക്കുന്നത്. 34 നഗരങ്ങളില്‍ മാത്രമാണ് സ്മാര്‍ട്ട് സിറ്റി മിഷന്‍ പ്രഖ്യാപിത ലക്ഷ്യം കൈവരിച്ചതെന്നും ബാക്കി 66 പദ്ധതികളും നിര്‍മ്മാണ ഘട്ടത്തിലാണന്നും ഇന്ത്യാ സ്പെന്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ല്‍ പൂര്‍ത്തിയാക്കേണ്ട പല പദ്ധതികളുടെയും സമയം 2023 വരെ നീട്ടി നല്‍കിയിരുന്നു. എന്നിട്ടും യഥാസമയം ലക്ഷ്യത്തിലെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ 2024 ജൂണ്‍ വരെ പദ്ധതികള്‍ക്ക് സമയം നീട്ടിനല്‍കി. പാര്‍ലമെന്റിന്റെ ഭവന-നഗരകാര്യ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം 68 ശതമാനം അതായത് 7821ല്‍ 5343 പദ്ധതികള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. 22 നഗരങ്ങളില്‍ പദ്ധതി പൂര്‍ത്തീകരണം 25 ശതമാനത്തില്‍ താഴെയാണ്. 19 നഗരങ്ങളില്‍ അമ്പത് ശതമാനത്തില്‍ താഴെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ENGLISH SUMMARY:Cities not being smart; Eight years, the project drags on
You may also like this video

Exit mobile version