Site iconSite icon Janayugom Online

ഒഡീഷ നിയമസഭയിൽ കോൺഗ്രസ്സ് ബിജെപി എംഎൽഎമാർ തമ്മിൽ കയ്യേറ്റം

ഒഡീഷ നിയമസഭയിൽ ഭരണപക്ഷമായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസ്സും തമ്മിൽ ഏറ്റുമുട്ടിയതോടെ സ്പീക്കർ സുരമ പാദി സഭാനടപടികൾ ഉച്ചവരെ നിർത്തിവച്ചു.

നഗരവികസന മന്ത്രി കെ.സി. മഹാപത്ര ഒരു ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ, അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കുകയായിരുന്ന കോൺഗ്രസ് എംഎൽഎ താരപ്രസാദ് ബഹിനിപതിയുടെ നേരെ മുതിർന്ന ബിജെപി എംഎൽഎ ജയനാരായണൻ മിശ്ര പാഞ്ഞടുത്തതോടെ സഭയിൽ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.

തുടർന്ന്, ട്രഷറി ബെഞ്ചിലെ മറ്റ് അംഗങ്ങളും കോൺഗ്രസും തമ്മിൽ ഏറ്റുമുട്ടിയതോട സ്പീക്കർ പാധി നടപടികൾ നിർത്തിവച്ചു. ബിജെപിയും കോൺഗ്രസ് അംഗങ്ങളും പരസ്പരം തള്ളിക്കയറിയതോടെ സഭ ബഹളത്തിൽ മുങ്ങി.

പ്രതിപക്ഷമായ ബിജെഡിയും സഭയിൽ ഉണ്ടായിരുന്നെങ്കിലും പ്രശ്നത്തിൽ പങ്ക് ചേർന്നില്ല.

ബിജെഡിയും കോൺഗ്രസ്സും വ്യത്യസ്ത വിഷയങ്ങളിലായിരുന്നു പ്രതിഷേധം ഉന്നയിച്ചിരുന്നത്.  1936ൽ പഴയ കോശാലയെ ഒഡീഷയുമായി ബന്ധിപ്പിച്ചത് ”ചരിത്രപരമായ തെറ്റ്” എന്ന മിശ്രയുടെ പരമാമർശത്തിന് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയിൽ നിന്ന് ബിജെഡി മറുപടി ആവശ്യപ്പെട്ടപ്പോൾ, സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു എന്നാരോപിച്ചായിരുന്നു കോൺഗ്രസ്സ് എംഎൽഎമാർ പ്രതിഷേധം അഴിച്ചുവിട്ടത്.

ഇത് രണ്ടാം തവണയാണ് സഭ പ്രക്ഷുബ്ധമാകുന്നത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സ്പീക്കർ 30 മിനിറ്റോളം ചോദ്യോത്തരവേള അനുവദിച്ചിരുന്നു.

കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി സഭയിൽ എത്താതിരുന്നതിനെത്തുടർന്ന് ബിജെഡി അംഗങ്ങൾ റാന്തൽ വിളക്കുമായി നിയമസഭ വളപ്പിൽ പ്രതീകാത്മക തെരച്ചിൽ നടത്തിയിരുന്നു. ബിജെഡി എംഎൽഎമാർ മുഖ്യമന്ത്രിയുടെ ചേംബറിന് മുന്നിൽ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു.

Exit mobile version