പഞ്ചാബ് സർവകലാശാലയുടെ സൌത്ത് കാമ്പസിൽ നടന്ന സംഗീത പരിപാടിയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ അജ്ഞാതരുടെ കുത്തേറ്റ 4 വിദ്യാർത്ഥികളിൽ 22 കാരനായ ഒരു വിദ്യാർത്ഥി മരിച്ചു.
ഹരിയാൻവി ഗായകൻ മസൂം ശർമയുടെ സംഗീത പരിപാടിയ്ക്കിടെ ഇന്നലെ രാത്രിയായിരുന്നു സംഭവം.
യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആദിത്യ താക്കൂർ ആണ് കൊല്ലപ്പെട്ടത്.
അതേസമയം വിദ്യാർത്ഥിയുടെ മരണത്തെത്തുടർന്ന് ഒരുകൂട്ടം പഞ്ചാബ് സർവകലാശാല വിദ്യാർത്ഥികൾ പൊലീസിനും പഞ്ചാബ് സർവകലാശാല അധികൃതർക്കുമെതിരെ പ്രതിഷേധം നടത്തി.
പുറത്ത് നിന്നുള്ള ചിലരാണ് വിദ്യാർത്ഥികളെ ആക്രമിച്ചതെന്നും അവർ ആരോപിച്ചു.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അക്രമികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
തുടയിൽ കുത്തേറ്റ് രക്തം വാർന്ന് കിടക്കുന്ന ഒരു വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പരിപാടിയ്ക്കിടെ ചില വിദ്യാർത്ഥികളെ കത്തി ഉപയോഗിച്ചും ആക്രമിക്കുന്നുണ്ട്.
അതേസമയം, അക്രമികൾ ആരാണെന്നോ എന്തിനാണ് വിദ്യാർത്ഥികളെ ആക്രമിച്ചതെന്നോ ഉള്ള വിവരങ്ങൾ അജ്ഞാതമായി തുടരുകയാണ്.
മറ്റ് മൂന്ന് വിദ്യാർത്ഥികൾ സെക്ടർ 16 ലെ ഗവൺമെന്റ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.