Site iconSite icon Janayugom Online

എ ക്ലാസ് മണ്ഡലത്തിൽ എ ക്ലാസ് തോൽവി; പാലക്കാട്ടെ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരെ ബിജെപി പ്രവർത്തകർ

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് ഉണ്ടായ തിരിച്ചടിയെ തുടർന്ന് സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. കൃഷ്ണകുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പന്തളത്തെ ബിജെപി പ്രവർത്തകർ രംഗത്തെത്തി . “പാലക്കാട് കഴിഞ്ഞു ഇനി പന്തളം” എന്നാണ് പന്തളം നഗരസഭയിലെ ക്ഷേമസമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ സീനയുടെ ഭർത്താവ് അജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 

സി കൃഷ്ണകുമാറിന് സംഘടനാ ചുമതലയുള്ള നഗരസഭയാണ് പന്തളം. അജിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണ നൽകി പന്തളം നഗരസഭാ ചെയർപേഴ്സൺ സുശീലയുടെ ഭർത്താവ് സന്തോഷ് രം​ഗത്തെത്തി. എരണം കെട്ടവൻ എന്ന അധിക്ഷേപത്തോടെയാണ് നഗരസഭാ ചെയർപേഴ്സന്റെ ഭർത്താവിന്റെ കമന്റ്. ‘ഭാര്യയും ഭർത്താവും കൂടി പാലക്കാട് നശിപ്പിച്ചു. ഒരു കാലനെപ്പോല വന്നു പന്തളവും.. ഈ എരണംകെട്ടവൻ..’ എന്നായിരുന്നു സന്തോഷിന്റെ കമന്റ്. കഴിഞ്ഞദിവസം ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരുന്നു. മുൻ ബിജെപി കൗൺസിലർ കെ വി പ്രഭയും നോട്ടീസിനെ പിന്തുണച്ചിരുന്നു. 

അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭാസുരേന്ദ്രനോ, വി മുരളീധരനോ, കെ സുരേന്ദ്രനോ മത്സരിച്ചിരുന്നുവെങ്കിൽ ഫലം മാറിയേനെയെന്ന് മുതിർന്ന ബിജെപി നേതാവും ദേശീയ കൗൺസിൽ അംഗവുമായ എൻ ശിവരാജൻ പറഞ്ഞു. ഇത്രയൊരു കനത്ത പരാജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെങ്കിലും മേൽക്കൂരയ്ക്ക് ചില പ്രശ്നങ്ങൾ ഉണ്ട്. താനായിരുന്നുവെങ്കിൽ ഈ ഒരു ഘട്ടത്തിൽ സ്ഥാനാർത്ഥിത്വം ഏറ്റെടുക്കില്ലായിരുന്നു. പക്ഷേ തീരുമാനമെടുക്കേണ്ടിയിരുന്നത് സി കൃഷ്ണകുമാർ ആയിരുന്നു. അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് അറിയില്ലെന്നും ശിവരാജൻ വ്യക്തമാക്കി.

Exit mobile version