Site iconSite icon Janayugom Online

ചരക്കുകപ്പലിലെ തീയണക്കാൻ ഊർജിത ശ്രമവുമായി കോസ്റ്റ് ഗാർഡ്; ദുരന്ത ഭീതിയിൽ തീരം (വിഡിയോ)

അറബിക്കടലില്‍ കത്തിയമരുന്ന ചരക്കുകപ്പലായ വാൻഹയിയിലെ തീയണക്കാൻ ഊർജിത ശ്രമവുമായി കോസ്റ്റ് ഗാർഡ്. കപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് കോസ്റ്റ് ഗാര്‍ഡ് ശ്രമിക്കുന്നത്. എന്നാല്‍, കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീപടര്‍ന്നതും പൊട്ടിത്തെറി സാധ്യതയും കപ്പലിന് അടുത്തേക്ക് പോകുന്നതിന് വെല്ലുവിളി ഉയര്‍ത്തുകയാണ്. കപ്പലിലെ തീ നിയന്ത്രണാതീതമായതും ഉള്ളിലെ കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളാണെന്നതും കടൽ, തീര ആവാസ വ്യവസ്ഥയ്ക്കു വൻ വെല്ലുവിളിയാണ്. തീയണയ്ക്കാനുള്ള കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങുമെന്നുറപ്പാണ്.

ഏകദേശം 650-കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകുന്നതു കണ്ടെയ്നറുകളിലെ തീപിടിക്കുന്ന രാസവസ്തുക്കളാണ്. കണ്ടെയ്നറുകൾ ഇ‌ടയ്ക്കിടെ പൊട്ടിത്തെറിക്കുന്നുണ്ടെന്നാണു വിവരം. ഇതിനാൽ അടുത്തു ചെന്നു അഗ്നിരക്ഷാ പ്രവർത്തനം നടത്താൻ കോസ്റ്റ്ഗാർഡിനും നാവികസേനയ്ക്കും സാധിക്കുന്നില്ല. കപ്പലിന്റെ എല്ലാ ഭാഗത്തും തീ പടർന്നിട്ടുണ്ടെന്ന വിവരമാണു ലഭിക്കുന്നത്. കപ്പലിലെ നാല് ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിലും തുടരുന്നുണ്ട്. കപ്പലിന്റെ അടിത്തട്ടിലടക്കം മുങ്ങല്‍വിദഗ്ധര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. നിലവില്‍ കപ്പല്‍ നിയന്ത്രണമില്ലാതെ തെക്കുദിശയിലേക്ക് ഒഴുകുകയാണ്. അപകടത്തില്‍പ്പെട്ട സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്ററോളം അകലേക്ക് കപ്പല്‍ ഇപ്പോള്‍ ഒഴുകിയെത്തിയിട്ടുണ്ട്. മുകള്‍ഭാഗം മുഴുവനും ഏകദേശം തീവിഴുങ്ങിയ നിലയിലാണ്.

Exit mobile version