Site icon Janayugom Online

വര്‍ഗീയ വാര്‍ത്താ പ്രചാരണം രാജ്യത്തിന് ദുഷ്‌പേര്: സുപ്രീംകോടതി

supreme court

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും വാര്‍ത്തകളിലെ വര്‍ഗീയതയും രാജ്യത്തിന് ദുഷ്‌പേരുണ്ടാക്കുന്നെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. രാജ്യത്തെ കോവിഡ് ഒന്നാം വ്യാപനത്തിന് ഡല്‍ഹി നിസ്സാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് മുജാഹിദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെടുത്തിയ സമൂഹ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ജസ്റ്റിസ് സൂര്യകാന്തും അംഗമായ ബെഞ്ചിന്റെ നീരീക്ഷണം.

ട്വിറ്ററിനും ഫേസ്ബുക്കിനും യുട്യൂബിനും സാമൂഹിക പ്രതിബദ്ധതയില്ല. ഭരണഘടനാ സംവിധാനങ്ങളോടും ഇവര്‍ക്ക് മതിപ്പില്ല. ശക്തരായ ആളുകളുടെ നിലപാടുകള്‍ മാത്രമാണ് ഇവര്‍ക്ക് താല്‍പര്യം. സാധാരണക്കാരെയും ഇവര്‍ അവഗണിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് എതിരെ നടക്കുന്ന പ്രചരണങ്ങള്‍ അവര്‍ അവകാശമായി കൊണ്ടു നടക്കുന്നു. ഇതാണ് ഇതുവരെ ബോധ്യമായതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

സമൂഹ മാധ്യമങ്ങള്‍ ഒരു മിനിറ്റില്‍ ഒരുപാടു കാര്യങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ക്കൊപ്പം വാര്‍ത്തകള്‍ക്ക് വര്‍ഗ്ഗീയ നിറം നല്‍കാനും വ്യാപകമായ ശ്രമങ്ങളാണ് നടക്കുന്നത്. സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനു നിയമങ്ങളുണ്ടോ എന്നും ജസ്റ്റിസ് രമണ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടു ചോദിച്ചു. വ്യാജ വാര്‍ത്തകള്‍ക്കൊപ്പം സ്വയം സൃഷ്ടിക്കുന്ന, സ്ഥാപിത താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ ശക്തമായി ഉയര്‍ന്നു വരുന്നുണ്ട് എന്നായിരുന്നു കോടതിയുടെ നിരീക്ഷണത്തെ അംഗീകരിച്ചുകൊണ് മേത്തയുടെ മറുപടി.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐടി നയം ഇത്തരം പ്രവണതകളെ ചെറുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. പുതിയ നയവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഉള്‍പ്പെടെ വിവിധ കോടതികളില്‍ ഉയര്‍ന്ന കേസുകളും അതിലെ കോടതി ഇടപെടലും മുഴുവനായും നിലവിലുള്ള ഹര്‍ജികള്‍ക്ക് ഒപ്പം സുപ്രീം കോടതിയിലേക്ക് മാറ്റണം എന്ന സോളിസിറ്റര്‍ ജനറലിന്റെ അപേക്ഷ നിലവിലെ ഹര്‍ജികള്‍ക്ക് ഒപ്പം ലിസ്റ്റ് ചെയ്യാമെന്ന് ബെഞ്ച് വ്യക്തമാക്കി. കേസ് ആറ് ആഴ്ചയ്ക്കു ശേഷം കോടതി വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry: Com­mu­nal news cam­paign tar­nish­es coun­try’s image: Supreme Court

You may like this video also

Exit mobile version