Site icon Janayugom Online

ദേശീയപാത നഷ്ടപരിഹാരം; കുരുക്കായി ‘ഭൂമിരാശി’

ദേശീയ പാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില നേരിട്ട് വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ പണം കിട്ടാൻ അനന്തമായ കാത്തിരിപ്പ് വേണ്ടി വരുന്നുവെന്ന് പരാതി. പതിവ് രീതി വിട്ട്’ ഭൂമിരാശി പോർട്ടൽ’ എന്ന പുതിയ സംവിധാനത്തിലൂടെ നഷ്ടപരിഹാരത്തുക നൽകാൻ നടപടി സ്വീകരിച്ചതോടെയാണ്, വിട്ടു കൊടുത്ത ഭൂമിയുടെ വിലയ്ക്കായി ഉടമകൾ നെട്ടോട്ടത്തിലായത്. 

സംസ്ഥാനത്തിന്റെ പല ഭാഗത്തും ദേശീയ പാതയുടെ പണി തുടങ്ങി മാസങ്ങളായിട്ടും നഷ്ടപരിഹാരത്തുക ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ദേശീയപാതാ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കൽ, ഭൂവുടമകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കൽ തുടങ്ങിയ കാര്യങ്ങളിലെ കാലതാമസമൊഴിവാക്കാനും നടപടികൾ കാര്യക്ഷമവും സുതാര്യവുമാക്കാനും വേണ്ടി എന്ന പേരിലാണ് 2018 ഏപ്രിലിൽ ഉപരിതല ഗതാഗത‑ഹൈവേ മന്ത്രാലയം ഭൂമിരാശി പോർട്ടലിന് തുടക്കമിട്ടത്.
നഷ്ടപരിഹാരത്തുക സ്ഥലമുടമകളുടെ അക്കൗണ്ടിൽ തത്സമയം നിക്ഷേപിക്കുന്നതിനായി പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റ (പിഎഫ്എംഎസ്) വുമായി പോർട്ടൽ ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതു വഴി, ദേശീയ പാതയ്ക്കായി ഭൂമി വിട്ടുകൊടുക്കുന്നവർക്ക് പണം കേന്ദ്ര സർക്കാർ നേരിട്ട് കൈമാറുന്ന രീതിയിലേക്ക് മാറി. അതുവരെ ഈ ആവശ്യത്തിലേക്ക് ഭൂമി ഏറ്റെടുക്കൽ സ്പെഷ്യൽ ഡപ്യൂട്ടി കളക്ടറുടെ അക്കൗണ്ടിൽ നിന്നാണ് പണം വിതരണം ചെയ്തിരുന്നത്. പോർട്ടല്‍ കേന്ദ്ര സർക്കാരിന്റെ അധികാര പരിധിക്കകത്തായതോടെ തങ്ങളുടെ കഷ്ടപ്പാടും തുടങ്ങി എന്ന് സ്ഥലമുടമകൾ പരിതപിക്കുന്നു. 

നേരേ ചൊവ്വേ നഷ്ടപരിഹാരത്തുക കിട്ടുന്നില്ലെന്ന് മാത്രമല്ല, നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷകൾ തള്ളുന്നതും പതിവായിത്തീർന്നിട്ടുണ്ടെന്ന് അവർ പറയുന്നു. നേരത്തേയുണ്ടായിരുന്ന, ഭൂമി ഏറ്റെടുക്കൽ സ്പെഷ്യൽ ഡപ്യൂട്ടി കളക്ടറുടെ അക്കൗണ്ടിൽ നിന്ന് പണം ലഭിച്ചിരുന്ന സംവിധാനം പുനഃ സ്ഥാപിക്കണമന്നാണ് അവരുടെ ആവശ്യം. മാർച്ച് 31‑ന് സാമ്പത്തിക വർഷം അവസാനിക്കുമെന്നതിനാൽ, അതിനു മുമ്പ് പണം ലഭിക്കുമോ എന്ന ആശങ്കയും സ്ഥലമുടമകളിൽ ശക്തമാണ്.
അതേസമയം, കേരളത്തിൽ മാത്രം ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുക്കുമ്പോൾ നൽകുന്ന നഷ്ടപരിഹാരത്തുകയുടെ 25 ശതമാനം സംസ്ഥാന വിഹിതമാണ്. 

ബിജെപി ഭരിക്കുന്നതടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലൊന്നും അവിടങ്ങളിലെ സർക്കാരുകൾ ദേശീയ പാത പദ്ധതിക്കായി വിഹിതം നൽകുന്ന പതിവില്ല. കേന്ദ്രം ആവശ്യപ്പെടാറുമില്ല. സംസ്ഥാനത്തോട് കാണിക്കുന്ന ചിറ്റമ്മനയത്തിൽ പ്രതിഷേധിച്ച്, മേലാൽ ഈ ഇനത്തിലുള്ള വിഹിതം അടയ്ക്കില്ലെന്ന് വകുപ്പ് മന്ത്രിയെയും ദേശീയപാത അതോറിറ്റിയെയും സംസ്ഥാനം അറിയിച്ചു കഴിഞ്ഞു. ദേശീയപാത വികസനമെന്നത് സംസ്ഥാനത്തിന് അർഹതപ്പെട്ടതാണെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വർഷങ്ങളായി മുടങ്ങിക്കിടന്ന ദേശീയ പാത വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ 92 ശതമാനവും പൂർത്തിയായത് എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷമാണ്. 

You may also like this video

Exit mobile version