പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തെന്ന് പരാതി. സെർവർ ഡേറ്റ ബേസ് ഹാക്ക് ചെയ്തെന്ന് കാട്ടി ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സൈബർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്രത്തിലെ കമ്പ്യൂട്ടർ സംവിധാനം തകരാറിലാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഹാക്കിംഗ് നടത്തിയതെന്നും കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്ന രേഖകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും എഫ്ഐആറിൽ പറയുന്നു. ജൂൺ 13ാം തീയതിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ക്ഷേത്രത്തിലെ സിസ്റ്റം കൈകാര്യം ചെയ്യുന്ന ജീവനക്കാരനെ മാറ്റി പകരം പുതിയ ആളെ നിയമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ജീവനക്കാരും ഭരണ സമിതിയിലെ ചില ആളുകളുമായി പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇതിൻറെ ഭാഗമായാണ് ഹാക്കിംഗ് നടന്നതെന്നാണ് പൊലീസിൻറെ പ്രാഥമിക വിലയിരുത്തൽ.

