Site icon Janayugom Online

വേനല്‍ക്കാലത്തും കെഎസ്ഇബിയുടെ മരംവെട്ട്: വീട്ടുവളപ്പിലെ മരങ്ങള്‍ ജീവനക്കാര്‍ അതിക്രമിച്ചുകയറി വെട്ടിനശിപ്പിച്ചുവെന്ന് പരാതി

asha

കെഎസ്ഇബി ജീവനക്കാര്‍ വീട്ടുവളപ്പിലെ മരങ്ങള്‍ വെട്ടി നശിപ്പിച്ചതായി പരാതി. ന്യൂറോ സയന്റിസ്റ്റും ജനയുഗം മുന്‍ എഡിറ്റര്‍ ഗോപിനാഥന്റെ മകളുമായ ആശാ ഗോപിനാഥിന്റെ വീട്ടിലാണ് കെ എസ് ഇ ബി ജീവനക്കാര്‍ അതിക്രമിച്ചുകയറി മരങ്ങള്‍ വെട്ടി നശിപ്പിച്ചത്. ഫെബ്രുവരി 19നാണ് സംഭവം. കവടിയാറുള്ള വീട്ടിലെത്തിയ ജീവനക്കാര്‍ പൂട്ടിയിട്ടിരുന്ന വീട്ടില്‍ മുന്നറിയിപ്പൊന്നും കൂടാതെ അതിക്രമിച്ചുകയറി മരങ്ങള്‍ വെട്ടുകയായിരുന്നുവെന്നും ആശാ ഗോപിനാഥ് പരാതിയില്‍ പറയുന്നു. താൻ സ്ഥലത്തില്ലായിരുന്നുവെന്നും മരങ്ങള്‍ വെട്ടുന്നുവെന്ന് കാണിച്ച് കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് തലേദിവസം ഒരു മെസേജ് മാത്രമാണ് വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പൂട്ടിയിട്ടിരുന്ന വീടിനുള്ളിലേക്ക് ചാടിക്കന്നെത്തിയ ജീവനക്കാര്‍ മരക്കൊമ്പുകള്‍ തോന്നിയതുപോലെ വെട്ടിയതായും വെട്ടിയിട്ട കൊമ്പുകള്‍ അലക്ഷ്യമായി വീട്ടുവളപ്പില്‍ത്തന്നെ വലിച്ചെറിഞ്ഞതായും അവര്‍ വെളിപ്പെടുത്തി. അതേസമയം കെഎസ്ഇബിയുടെ ഈ പ്രവര്‍ത്തി പൊലീസ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടും നടപടി കൈക്കൊണ്ടിട്ടില്ലെന്നം അവര്‍ ആരോപിക്കുന്നു. 

നാല്‍പ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള 20 ഓളം വിവിധയിനം മരങ്ങളാണ് വീട്ടില്‍ ആള്‍ പോലുമില്ലാതിരുന്നപ്പോള്‍ കെഎസ്ഇബി ജീവനക്കാര്‍ അതിക്രമിച്ച് കയറി വെട്ടിയത്. മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ വേണ്ട നടപടി താന്‍തന്നെ ചെയ്യുമായിരുന്നു. തന്റെ അനുവാദമില്ലാതെയാണ് മരങ്ങള്‍ വെട്ടിയത്. 15 ലധികം പക്ഷികളും ഈ ആവാസവ്യവസ്ഥയില്‍ ജീവിച്ചുപോരുന്നുവെന്നും അതിന്റെ ആശ്രയംകൂടിയാണ് ഇവരുടെ പ്രവര്‍ത്തിയില്‍ നശിപ്പിക്കപ്പെട്ടതെന്നും അവര്‍ വ്യക്തമാക്കുന്നു.വൈദ്യുത കമ്പിയിലേക്ക് കയറിക്കിടന്ന മരക്കൊമ്പാണ് വെട്ടിയതെന്നാണ് ജീവനക്കാരുടെ വാദം. അതേസമയം വൈദ്യുത കമ്പിയില്‍ തൊടുകപോലും ചെയ്യാത്ത മരങ്ങളെയും ഇവര്‍ വെട്ടിയതായും ആശാ ഗോപിനാഥ് പരാതിയില്‍ പറയുന്നു. 

സാധാരണഗതിയില്‍ മഴ അടുപ്പിച്ചള്ള സമയത്താണ് കെഎസ്ഇബി ജീവനക്കാര്‍ അപകട സാധ്യത മുന്‍നിര്‍ത്തി ഇത്തരത്തില്‍ മരക്കമ്പുകള്‍ വെട്ടാറുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലും വേനല്‍ക്കാലത്തുതന്നെ കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് ഇതേ നടപടികള്‍ ഉണ്ടായതായും ആശാ ഗോപിനാഥ് കൂട്ടിച്ചേര്‍ക്കുന്നു.

You may also like this video

Exit mobile version