നെടുമ്പാശേരി വിമാനത്താവള പരിസര പ്രദേശങ്ങളിൽ ലോഡ്ജുകളുടെ മറവിൽ അനാശാസ്യം പെരുകുന്നതായി പരാതി.
പ്രായപൂർത്തിയായവർ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന സുപ്രീംകോടതി ഉത്തരവിന്റെ മറവിലാണ് അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. യഥാർത്ഥത്തിൽ പണം വാങ്ങി മാംസകച്ചവടമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ആലുവയിൽ ഏഴ് സ്ത്രീകൾ ഉൾപ്പെടെ 12 പേർ അനാശാസ്യത്തിന് പൊലീസിന്റെ പിടിയിലായിരുന്നു. റിമാന്റിലായത് നടത്തിപ്പുകാരനും രണ്ട് ഏജന്റുമാരുമാണ്. സുപ്രീംകോടതി ഉത്തരവിന്റെ ബലത്തിൽ മറ്റുള്ളവരെല്ലാം രക്ഷപ്പെടുകയാണ്.
ആലുവയിലും ലോഡ്ജ് കെട്ടിടം മറ്റൊരാൾ വാടകക്കെടുത്ത് നടത്തുകയായിരുന്നു. രണ്ടാഴ്ച്ച മുമ്പ് ആലുവ ചെമ്പകശേരി കവലയിലും അനാശാസ്യകേന്ദ്രം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ചിലർ പിടിയിലാകുന്നുണ്ടെങ്കിലും പ്രതികളുടെ പേരും വിലാസവുമെല്ലാം വെളിപ്പെടുത്താൻ പൊലീസും മടിക്കുകയാണ്.
നെടുമ്പാശേരി മേഖലയിലെ അനാശാസ്യ കേന്ദ്രങ്ങളിൽ മുതിർന്നവരേക്കാൾ അധികം വന്നുപോകുന്നത് സ്കൂൾ — കോളേജ് കുട്ടികളാണെന്ന് പരിസരവാസികൾ പറയുന്നു. ചില ലോഡ്ജുകളിൽ സ്വദേശിയരും അന്യസംസ്ഥാനക്കാരുമായ സ്ത്രീകളെ ദിവസ വേതനത്തിനും കമ്മീഷൻ അടിസ്ഥാനത്തിലുമായി പാർപ്പിച്ചിരിക്കുകയാണ്.
അങ്കമാലി സ്വദേശിയായ ഒരാൾ അങ്കമാലി ബസ് സ്റ്റാന്റിന് സമീപവും നെടുമ്പാശേരി വിമാനത്താവളത്തിന് സമീപവും ലോഡ്ജ് വാടകക്കെടുത്ത് നടത്തുന്നുണ്ട്. ഇവിടെയാണ് അനാശാസ്യം കൂടുതലായും നടക്കുന്നത്.പലവട്ടം സ്പെഷ്യൽ ബ്രാഞ്ച് സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി.
സ്പായുടെ മറവിലും അനാശാസ്യമുണ്ട്. നെടുമ്പാശേരി — അത്താണി ഭാഗത്താണ് ഇത്തരം കേന്ദ്രങ്ങളുള്ളത്. തിരുമ്മൽ കേന്ദ്രമെന്ന് പറഞ്ഞ് വഴിയോരങ്ങളിൽ പോസ്റ്ററുകളും വ്യാപകമാണ്. സ്ഥാപനത്തിന്റെ പേരോ കൂടുതൽ വിവരങ്ങളോ ഉണ്ടാകില്ല. ഫോൺ നമ്പർ മാത്രമാണ് പ്രസിദ്ധപ്പെടുത്തുന്നത്.