മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. കാംജോങ് ജില്ലയിലെ ഹോങ്‌ബെയ് ഗ്രാമവാസികള്‍ അസം റൈഫിൾസ് താൽക്കാലിക ക്യാമ്പ് ആക്രമിച്ച് തീയിട്ടു. ഇംഫാൽ‑മ്യാൻമർ റോഡിലെ തുടർച്ചയായ പരിശോധനയ്ക്കും പീഡനത്തിനുമെതിരെ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു സംഘര്‍ഷം. ഉദ്യോഗസ്ഥര്‍ സുരക്ഷാ പരിശോധനയ്ക്കിടെ പൊതുജീവിതം തടസപ്പെടുത്തുന്നുവെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ അസം റൈഫിൾസ് ഉദ്യോഗസ്ഥർ കണ്ണീർ വാതകം പ്രയോഗിച്ചതോടെ ഏറ്റുമുട്ടൽ കൂടുതല്‍ അക്രമാസക്തമായി. പിന്നാലെയാണ് പ്രതിഷേധക്കാർ താൽക്കാലിക ക്യാമ്പ് നശിപ്പിച്ചത്. അസം റൈഫിൾസ് പൂർണമായും പ്രദേശം ഒഴിയണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. പ്രദേശവാസികളും സെെനിക ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘര്‍ഷം അയല്‍ ഗ്രാമങ്ങളിലേക്കും വ്യാപിച്ചു.
2023 മേയ് മുതല്‍ ആരംഭിച്ച കുക്കി-മെയ്തി സംഘര്‍ഷത്തിന് ഇനിയും അവസാനമായിട്ടില്ല. ഇതുവരെ 250-ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ ഭവനരഹിതരാവുകയും ചെയ്തു.
കാങ്‌കോപി ജില്ലയിലെ കൊന്‍സാഖുല്‍, ലിലോന്‍ വായ്ഫെയ് ഗ്രാമങ്ങള്‍ക്കിടയില്‍ കുക്കി-നാഗാ സംഘര്‍ഷമുണ്ടായി. ഇവിടെ ഏതാനും ദിവസങ്ങളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തി.

