ഗോത്രകലാപം നിലനില്‍ക്കുന്ന മണിപ്പൂരിൽ വീണ്ടും സംഘര്‍ഷം. കാങ്‌പോക്പി ജില്ലയിലെ നാഗാ ഭൂരിപക്ഷ ഗ്രാമത്തലവനെ കുക്കി വിഭാഗം ആക്രമിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
കോൺസഖുൽ ഗ്രാമത്തലവനായ എയ്ംസൺ അബോൺമായി ഉൾപ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. അയല്‍ഗ്രാമമായ ഹരോത്തേലില്‍ നിന്നുള്ള കുക്കി വിഭാഗക്കാരാണ് ആക്രമണം നടത്തിയതെന്ന് നാഗാ സംഘടനകള്‍ ആരോപിച്ചു.
അതിനിടെ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി മേയ്തി-കുക്കി സമുദായങ്ങളുടെ പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തി. ക്രമസമാധാനം നിലനിർത്തുന്നതിനും ഇരു സമുദായങ്ങൾക്കിടയിലും അനുരഞ്ജനം സാധ്യമാക്കുന്നതിനും ചർച്ച ഊന്നൽ നൽകിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. മേയ്തി വിഭാഗത്തിനുവേണ്ടി ഓൾ മണിപ്പൂർ യുണൈറ്റഡ് ക്ലബ്ബ്സ് ഓർഗനൈസേഷൻ (എഎംയുസിഒ), ഫെഡറേഷൻ ഓഫ് സിവിൽ സൊസൈറ്റി ഓർഗനൈസേഷൻസ് (എഫ്ഒസിഎസ്) എന്നിവയിൽ നിന്നുള്ള ആറംഗ പ്രതിനിധി സംഘം പങ്കെടുത്തു. ഒമ്പത് പേരടങ്ങിയതായിരുന്നു കുക്കി പ്രതിനിധി സംഘം. സ്‌പെഷ്യൽ ഡയറക്ടർ എ കെ മിശ്ര ഉൾപ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

